സ്വന്തം ലേഖകൻ
കണ്ണൂർ: ആന്തൂർ പ്രശ്നം ചർച്ചയ്ക്കെടുക്കാതെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോഗം കണ്ണൂരിൽ തുടങ്ങി. തെരഞ്ഞെടുപ്പ് അവലോകനം മാത്രമാണ് യോഗത്തിലെ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി ആന്തൂർ പരിഗണിക്കേണ്ടിവന്നെങ്കിൽ മാത്രമേ ചർച്ചയുള്ളൂ.
ജില്ലാ കമ്മിറ്റി യോഗത്തിന് മുന്നോടിയായി ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ആന്തൂർ സംഭവുമായി ഉണ്ടായ നേതാക്കളുടെ പ്രസ്താവനകൾ ചർച്ച ചെയ്ത് പരിഹരിച്ചതായാണു സൂചന.സമവായത്തിലൂടെ വിവാദം അവസാനിപ്പിക്കാനുള്ള തീരുമാനം സെക്രട്ടേറിയറ്റിൽ ധാരണയായി. അന്വേഷണം നടത്തി പൂർത്തിയായതിനുശേഷം മാത്രമായിരിക്കാം ഇതുസംബന്ധിച്ച് ചർച്ച നടക്കാൻ സാധ്യതയുള്ളൂ.
പ്രവാസി വ്യവസായി ആന്തൂർ നഗരസഭയിൽ പണിത കെട്ടിടത്തിന് അന്തിമാനുമതി നൽകുന്നതിൽ നഗരസഭാ അധ്യക്ഷയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശ്യാമളയ്ക്ക് പിഴവു പറ്റിയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റും ഏരിയാ കമ്മിറ്റിയും കൈക്കൊണ്ടത്. പി.കെ. ശ്യാമളയും ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.