തളിപ്പറമ്പ്: പാർത്ഥാസ് കൺവൻഷൻ സെന്റർ ഉടമ പാറയിൽ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ ചെയർപേഴ്സൻ, സെക്രട്ടറി, എൻജിനിയർ എന്നിവർക്കെതിരേ ഉയർന്നുവന്ന ആരോപണങ്ങൾ തീർത്തും തെറ്റാണെന്ന് ചെയർപേഴ്സൻ പി.കെ.ശ്യാമളയും സെക്രട്ടറി എം.കെ.ഗിരീഷും വ്യക്തമാക്കി.
നഗരസഭയ്ക്ക് സമർപ്പിച്ച പ്ലാൻ അനുസരിച്ചല്ല കെട്ടിടം നിർമിച്ചത് എന്നതിനുപുറമെ ദേശീയപാതയുടെ സ്ഥലം കൈയേറി എന്ന പരാതിയും ഉയർന്നുവന്നിരുന്നു. ഇതേത്തുടർന്ന് നഗരസഭ നിർദേശിച്ചിരുന്ന ചില മാറ്റങ്ങൾ പാലിക്കാത്തതിനാലാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാതിരുന്നതെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം. പക്ഷേ, എന്തുതരത്തിലുള്ള വ്യത്യാസങ്ങളാണ് പ്ലാനിന് വിരുദ്ധമായി കെട്ടിട ഉടമ നിർമാണത്തിൽ നടത്തിയതെന്ന ചോദ്യത്തിന് നഗരസഭ സെക്രട്ടറി വ്യക്തമായ ഉത്തരം നൽകാൻ തയാറാകാത്തത് ദുരൂഹമാണ്.
സംഭവത്തിൽ നഗരസഭ ചെയർപേഴ്സൻ ഉൾപ്പെടെയുള്ളവർക്കെതിരേ രൂക്ഷമായ പ്രതികരണമാണ് പാർട്ടി പ്രവർത്തകരിൽനിന്നുൾപ്പെടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എം.വി.ഗോവിന്ദന്റെ ഭാര്യയാണ് നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമള.
നിലവിൽ പ്രതിപക്ഷമില്ലാത്ത നഗരസഭയിൽ ശ്യാമളയുടെ പ്രവർത്തനങ്ങളിൽ പാർട്ടിപ്രവർത്തകർക്കിടയിൽത്തന്നെ പ്രതിഷേധമുയർന്നിരുന്നു. വൈസ് ചെയർമാൻ കെ.ഷാജുവും പി.കെ.ശ്യാമളയുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവന്നത് നിഷേധിക്കാൻ പാർട്ടി നിർദേശപ്രകാരം ഇരുവരും ഒന്നിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, അതിനുശേഷവും ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതായാണ് പാർട്ടിപ്രവർത്തകരിൽനിന്ന് ലഭിക്കുന്ന സൂചനകൾ. പി.കെ.ശ്യാമളയെ ചെയർപേഴ്സൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും ഒരുവിഭാഗം പാർട്ടിപ്രവർത്തകരിൽനിന്ന് ഉയർന്നുവന്നിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രമായ ആന്തൂർ പ്രദേശത്ത് സാജന്റെ ആത്മഹത്യ പാർട്ടിയെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്.