തളിപ്പറമ്പ്: ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ആന്തൂർ നഗരസഭയിൽ നടത്തിയ പദയാത്രയുടെ സമാപനത്തിന്റെ ഭാഗമായി ബക്കളം പുന്നക്കുളങ്ങരയിൽ ഉയർത്തിയ കോൺഗ്രസ് പതാകയും കൊടിമരവും നശിപ്പിച്ചു. മുസ്ലിം ലീഗിന്റെ കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ചരിത്രത്തിൽ ആദ്യമായി ഉയർത്തിയ കോൺഗ്രസ് പതാകയും കൊടിമരവും നശിപ്പിച്ചത് സിപിഎം പ്രവർത്തകരാണെന്ന് ആന്തൂർ മണ്ഡലം യുഡിഎഫ് കൺവീനറും കോൺഗ്രസ് നേതാവുമായ എ.എൻ.ആന്തൂരാൻ ആരോപിച്ചു.
ഇന്നലെ രാത്രിയിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികളും കൊടിമരങ്ങളും നശിപ്പിച്ചത്. 13 മുതൽ 15 വരെ നടത്തിയ ആന്തൂർ പദയാത്രയുടെ സമാപനത്തിന്റെ ഭാഗമായി 15ന് സതീശൻ പാച്ചേനിയാണ് കോൺഗ്രസ് കൊടിമരം സ്ഥാപിച്ച് കൊടി ഉയർത്തിയത്. സിപിഎമ്മിന്റെ കൊടിമരത്തിന് സമീപം തന്നെയാണ് ലീഗ് – കോൺഗ്രസ് കൊടിമരങ്ങളും സ്ഥാപിച്ചിരുന്നത്. രണ്ടും അടിയോടെ പിഴുതെടുത്ത് കൊണ്ടുപോകുകയായിരുന്നു.
യുഡിഎഫ് നേതാക്കൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സിപിഎം വീണ്ടും തങ്ങളുടെ ആധിപത്യം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെ നേരിടുമെന്നും യുഡിഎഫ് ചെയർമാൻ സമദ് കടമ്പേരി പറഞ്ഞു. എ.എൻ.ആന്തൂരാൻ, കോൺഗ്രസ് ആന്തൂർ മണ്ഡലം പ്രസിഡന്റ് വത്സൻ കടമ്പേരി എന്നിവർ സംഭവത്തിൽ പ്രതിഷേധിച്ചു. ഇന്ന് തന്നെ വീണ്ടും കൊടികൾ ഉയർത്തുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.