തളിപ്പറമ്പ്: മറവില്‍ തിരിവുകളെ സൂക്ഷിക്കേണ്ടതില്ലെന്നും സധൈര്യം മുന്നോട്ടു പോകാമെന്നും അടിവരയിട്ടു പറഞ്ഞിരിക്കുകയാണ് ആന്തൂരിലെ പെണ്ണുങ്ങള്. അന്‍പതോളം വരുന്ന ഇവര്‍ക്ക് വഴികാട്ടിയായി ആന്തൂരിന്റെ നഗരമാതാവായ പി.കെ. ശ്യാമള മുന്നിലുണ്ടായിരുന്നു.
ഇന്നലെ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നുവരെയാണു ബക്കളത്തുനിന്നും വിവിധ ഊടുവഴികളിലൂടെ രണ്ടു സ്ത്രീകള്‍ വീതം സധൈര്യം ധര്‍മശാല ജംഗ്ഷനിലേക്കു കാല്‍നടയാത്ര ചെയ്തത്. ജനപ്രതിനിധികളും വീട്ടമ്മമാരും പൊതുപ്രവര്‍ത്തകരും അങ്കണവാടി ജീവനക്കാരും ഉള്‍പ്പെടുന്ന സംഘമാണു രണ്ടുപേരായി നടന്ന് പലവഴികളിലൂടെ ധര്‍മശാല ജംഗ്ഷനില്‍ പുലര്‍ച്ചെ ഒന്നോടെ സംഗമിച്ചത്. തുടര്‍ന്ന് എല്ലാവരും സധൈര്യം മുന്നോട്ട് പ്രതിജ്ഞയെടുത്തു.
ആന്തൂര്‍ നഗരസഭാ ചെയര്പേഴ്സന് പി.കെ. ശ്യാമളയാണ് ബക്കളത്ത് രാത്രി 11ന് നടന്ന സധൈര്യം മുന്നോട്ട് പരിപാടി ഉദ്ഘാടനം ചെയ്തത്. വികസന സ്ഥിരം സമിതി ചെയര്പേഴ്സന് പി.പി. ഉഷ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എം. സതി, കെ. ശ്രീജ, കെ. സവിത, വി. സുനിത, ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ് ഓമന മുരളീധരന്, എം. പ്രീത, എന്‍.വി. സരോജിനി എന്നിവര്‍ പ്രസംഗിച്ചു.