കണ്ണൂർ: ആന്തൂർ പ്രശ്നത്തിൽ നിലപാടുറപ്പിക്കാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ജൂലൈ എട്ടിന് ചേരും. സാജൻ പാറയിലിന്റെ ഉടമസ്ഥതയിലുള്ള പാർഥ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാതെ കളിപ്പിച്ച നഗരസഭാ നടപടിയിൽ ചെയർപേഴ്സണ് ഉത്തരവാദിത്വമില്ലെന്ന സംസ്ഥാന കമ്മിറ്റി നിലപാട് യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്യും.
വ്യത്യസ്താഭിപ്രായമുണ്ടെങ്കിലും സംസ്ഥാന കമ്മിറ്റി നിലപാട് അംഗീകരിക്കുക മാത്രമാണ് ജില്ലാ കമ്മിറ്റിക്ക് പോംവഴി. ഇടഞ്ഞുനിൽക്കുന്ന ആന്തൂർ മേഖലയിലെ ലോക്കൽ ജനറൽബോഡി യോഗം ജില്ലാ കമ്മിറ്റിയുടെ അടുത്തദിവസം നടക്കും.തളിപ്പറന്പ്, ആന്തൂർ മേഖലയിലെ പാർട്ടി പ്രവർത്തകരുടെയും അണികളുടെയും ശക്തമായ വികാരപ്രകടനമാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ മുൻ നിലപാടിന് കാരണമെന്ന ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടില്ല.
ചെയർപേഴ്സൺ നിരുത്തരവാദപരമായി പെരുമാറിയെന്നാണ് മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജൻ ധർമശാലയിൽ പ്രസംഗിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നു പൊതുയോഗത്തിലെ പ്രസംഗം. കടുത്ത സംഘടനാ ചട്ടലംഘനമാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റിന്റേതെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തൽ.
ജില്ലാ കമ്മിറ്റി അംഗമായ പി.കെ. ശ്യാമളയെ പരസ്യമായി ശാസിക്കുകയാണ് പൊതുയോഗത്തിലൂടെ ചെയ്തത്. സിപിഎം ഭരണഘടനയനുസരിച്ച് അതാത് അംഗത്തിന്റെ ഘടകത്തിൽ ചർച്ചചെയ്യാതെ ഇത്തരം നടപടി അത്യപൂർവമാണ്. അപക്വമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയ ഈ തീരുമാനത്തിനെതിരേ പാർട്ടിക്കകത്ത് ശാസിക്കുന്നതിന് സമാനമായ നടപടിയാണ് ജൂലൈ എട്ടിനുണ്ടാവുക.