തളിപ്പറമ്പ്: ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കും സിപിഎമ്മിനുമെതിരേ ഒളിയന്പുമായി ആന്തൂര്‍ നഗരസഭാ വൈസ് ചെയര്മാന്. ബക്കളം പാര്‍ഥ കണ്വെന്ഷന് സെന്റർ ഉടമ സാജന്റെ മരണത്തെ തുടര്‍ന്ന് ഉണ്ടായ വിവാദത്തില്‍ ആന്തൂര്‍ നഗരസഭ ആടിയുലഞ്ഞപ്പോഴും പ്രതികരിക്കാതെ ഒഴിഞ്ഞു നില്‍ക്കുകയായിരുന്ന വൈസ് ചെയര്മാന് കെ.ഷാജു.
ഒടുവിൽ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. “തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്തണം. അല്ലാതെ വാദിക്കാനോ ജയിക്കാനോ നില്‍ക്കരുത്. അത് ഞാനായാലും ….എന്ന വാക്കുകള്‍ ഫേസ് ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയാണ് ആദ്യ പ്രതികരണം അറിയിച്ചത്.
സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തം ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമളയില്‍ ആരോപിക്കപ്പെടുകയും പാര്‍ട്ടിയിലെ പ്രാദേശികവും അല്ലാതെയുമുള്ള ഭൂരിപക്ഷം ആളുകളും പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നപ്പോഴും മാധ്യമങ്ങളും ജനങ്ങളും ഒക്കെ കാത്തിരുന്നത് ഷാജുവിന്റെ പ്രതികരണത്തിനാണ്. എന്നാല്‍ അപ്പോഴൊന്നും പ്രതികരിക്കാനോ ന്യായീകരിക്കാനോ പിന്തുണ നല്‍കാനോ ഷാജു മുതിര്‍ന്നില്ല. ചെയര്‍പേഴ്സൺ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ നിന്നുപോലും ഇദ്ദേഹം വിട്ടുനിന്നു.
ഷാജുവിന്റെ അഭിപ്രായത്തെ ഫേസ് ബുക്കില്‍ അഭിവാദ്യമര്‍പ്പിച്ച് നിരവധി പേരാണ് കമന്റ് രേഖപ്പെടുത്തുന്നത്. തളിപ്പറമ്പ് ഏരിയാ കമ്മിറ്റി മെമ്പറും തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലറുമായ കോമത്ത് മുരളീധരന് ഉള്‍പ്പെടെ പോസ്റ്റില്‍ അനുകൂല കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഉയരാത്ത കൈയും പറയാത്ത നാവും അടിമത്തത്തിന്റേതാണ്, വ്യക്തികള്‍ക്കല്ല പ്രസ്ഥാനത്തിനാണ് പ്രാധാന്യം എന്നും ചിലര്‍ കുറിക്കുമ്പോള്‍ ആരെ ഉദ്ദേശിച്ചാണെന്ന് തുറന്നു പറയാന്‍ ധൈര്യമുണ്ടോയെന്ന് ചോദിക്കുന്നവരും ഉണ്ട്. പിന്തുണ അറിയിച്ച് നിരവധി പേര് രംഗത്തുണ്ട്.വിഷയത്തില്‍ ഇടപെട്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും പി.കെ.ശ്യാമളയുടെ ഭര്‍ത്താവുമായ എം.വി.ഗോവിന്ദന് മന്ത്രിയെ വിളിച്ചത് എന്തിനാണെന്ന് വെളിപ്പെടുത്തണമെന്ന് ജയിംസ് മാത്യു എംഎല്‍എ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ വന്ന ഷാജുവിന്റെ പോസ്റ്റ് ഏറെ പ്രാധാന്യമേറിയതാണ്.
ഏതായാലും ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെ നിരവധിയാളുകള്‍ അഭിപ്രായം രേഖപ്പെടുത്തുകയും ഷെയര്‍ ചെയ്യുകയും ചെയ്ത പോസ്റ്റ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഷാജു പിന്‍വലിച്ചിട്ടുണ്ട്.