മെല്‍ബണ്‍: ടെന്നീസ് പ്രേമികളെ നിരാശയിലാഴ്ത്തി ആന്‍ഡി മുറെയ്ക്ക് കണ്ണീരോടെ മടക്കം. തന്റെ പ്രഫഷണല്‍ കരിയറിലെ അവസാന ടെന്നീസ് ടൂര്‍ണമെന്റിന് ഇറങ്ങിയ മുറെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സ്പാനിഷ് താരം റോബര്‍ട്ടോ ബൗട്ടിസ്റ്റ അഗട്ടിനോട് പരാജയപ്പെടുകയായിരുന്നു. 4-6, 4-6, 7-6, 7-6, 2-6 എന്ന സ്കോറിനായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ മുറെയുടെ തോല്‍വി. ആദ്യ രണ്ടു സെറ്റുകളും അനായാസം നേടിയ അഗട്ട് മത്സരം അനായാസം കൈപ്പിടിയിലൊതുക്കുമെന്ന് തോന്നിച്ചെങ്കിലും പരിക്കിനെ വകവയ്ക്കാതെ വീറോടെ പൊരുതി അടുത്ത രണ്ടു സെറ്റുകളും മുറെ ടൈബ്രേക്കറില്‍ സ്വന്തമാക്കി.
എന്നാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ മുറെ തീര്‍ത്തും നിഷ്പ്രഭനായി.പരിക്ക് താരത്തെ എത്രമാത്രം വലയ്ക്കുന്നുണ്ടെന്ന വ്യക്തമാക്കുന്നതായിരുന്നു മുറെയുടെ ശരീരഭാഷ. പലപ്പോഴും കോര്‍ട്ടിലൂടെ താരം മുടന്തിയാണ് നീങ്ങിയത്. മുറെയോട് മുമ്പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ഒരു സെറ്റു പോലും സ്വന്തമാക്കാന്‍ അഗട്ടിന് കഴിഞ്ഞിരുന്നില്ല. മത്സരം കാണാന്‍ മുറെയുടെ അമ്മയും ജ്യേഷ്ഠന് ജാമി മുറെയും റോഡ് ലേവര്‍ അരീനയില്‍ എത്തിയിരുന്നു.
നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, മാരിന് സിലിച്ച് തുടങ്ങിയ താരങ്ങളെല്ലാം ജയിച്ചു കയറി. സ്റ്റെഫാനോസ് ടിസിടിസിപ്പാസ്, തോമസ് ബെര്‍ഡിച്ച്, കാരന് ഖാച്ചനോവ് തുടങ്ങിയ താരങ്ങളും ആദ്യറൗണ്ടില്‍ വിജയം കണ്ടു.
വനിതാ വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍, നിലവിലെ ചാമ്പ്യന്‍ ഡെന്മാര്ക്കിന്റെ കരോളിന് വോസ്നിയാസ്കി, അമേരിക്കയുടെ സ്ലോവേന്‍ സ്റ്റീഫന്‍സ്, ഡച്ച് താരം കിക്കി ബെര്‍ട്ടന്‍സ്, ഓസീസ് താരം ആഷ്ലി ബാര്‍ട്ടി, സ്വിസ് താരം ബെലിന്‍ഡ ബെന്‍സിച്ച്, ചെക്ക് താരം പെട്രാ ക്വിറ്റോവ മുതലായവര്‍ ആദ്യ റൗണ്ടില്‍ വിജയം കണ്ടു. എന്നാല്‍ മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ലാത്വിയയുടെ യെലേന ഓസ്റ്റപെങ്കോയുടെ പുറത്താകല്‍ അപ്രതീക്ഷിതമായി.
എക ഇന്ത്യന്‍ പ്രതീക്ഷയായ പ്രജ്നേഷ് ഗുണേശ്വരനും ആദ്യറൗണ്ടില്‍ പുറത്തായി. അമേരിക്കയുടെ ഫ്രാന്‍സെസ് ടിയാഫോ 7-6,6-3,6-3 എന്ന സ്കോറിനാണ് ഗുണേശ്വരന്റെ പോരാട്ടം അവസാനിപ്പിച്ചത്.