കോഴിക്കോട് : നഗരത്തില്‍ വിദേശമാതൃകയില്‍ ഡിവൈഡറുകള്‍ക്കു മുകളില്‍ സ്ഥാപിച്ച ആന്റി ഗ്ലയര്‍ സ്ക്രീനുകള്‍ സാമൂഹ്യവിരുദ്ധര്‍ കൂട്ടത്തോടെ നശിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ കാരപ്പറമ്പ്- അരയിടത്തുപാലം റോഡിലെ ഡിവൈഡറുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച ആന്റിഗ്ലയര്‍ സ്ക്രീനുകളാണ് വീണ്ടും വ്യാപകമായി നശിപ്പിക്കുന്നത്.
കാരപ്പറമ്പ് ബസ്റ്റോപ്പിനു മുന്നില്‍ അടുത്തടുത്തായുള്ള ആന്റിഗ്ലയര്‍ സ്ക്രീനുകള്‍ നശിപ്പിച്ചിട്ടുണ്ട്. സരോവരത്തിന് മുന്നിലുള്ള ബൈപാസ് റോഡിലും അടുത്തിടെ ഇവ വീണ്ടും വ്യാപമായി നശിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിനു പിന്നിലുള്ള സാമൂഹ്യവിരുദ്ധരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.
വാഹനാപകടം കുറയ്ക്കാന്‍ വേണ്ടിയാണ് ഡിവൈഡറുകള്‍ക്കു മുകളില്‍ ഇവ സ്ഥാപിച്ചത്. മലേഷ്യയില്‍ നിന്നാണ് ഇവ എത്തിച്ചത്. സ്ഥാപിച്ച ആദ്യഘട്ടത്തില്‍ ഇവ വ്യാപകമായി നശിപ്പിച്ചിരുന്നു. കാരപ്പറമ്പ് മുതല്‍ കല്ലുത്താന്‍ കടവ് വരെയുള്ള റോഡില്‍ 4000 ത്തോളം ആന്റിഗ്ലയര്‍ സ്ക്രീനുകളായിരുന്നു സ്ഥാപിച്ചത്.
സ്ഥാപിച്ചതിനു തൊട്ടുപിന്നാലെ തന്നെ ഇവ നശിപ്പിക്കാനും തുടങ്ങിയിരുന്നു. ആയിരത്തിലേറെയെണ്ണം ഇതിനകം നശിപ്പിച്ചിട്ടുണ്ട്. പോലീസിന്റെ നിരീക്ഷണ ക്യാമറകളും ജനകീയ കമ്മിറ്റികളുമുണ്ടെങ്കിലും ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
നശിപ്പിക്കൽ തുടരുന്ന സാഹചര്യത്തില്‍ വിലകൂടിയ ഇത്തരം വസ്തുക്കള്‍ നഗരത്തില്‍ സ്ഥാപിക്കേണ്ടതില്ലെന്നാണ് അധികൃതര്‍ തീരുമാനിച്ചത്. ബസ് സ്റ്റോപ്പുകളില്‍ സ്ഥാപിച്ച വേസ്റ്റ്ബിന്നുകളും സാമൂഹ്യവിരുദ്ധര്‍ മോഷ്ടിച്ച സംഭവമുണ്ടായിട്ടുണ്ട്.
കരുണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്കൂളിനു മുന്നിലെ ബസ് സ്റ്റോപ്പിലെ വേസ്റ്റ്ബിന്നും സരോവരം പാലത്തിനു സമീപത്തുള്ള വേസ്റ്റ് ബിന്നുമാണ് മോഷ്ടിച്ചത്. മഴകൊണ്ടാലും തുരുമ്പിക്കാത്ത വിധത്തിലുള്ള വേസ്റ്റ്ബിന്നുകള്‍ വിലകൂടിയതായിരുന്നു . പൊട്ടിച്ചെടുക്കുന്ന വേസ്റ്റ് ബിന്നുകളും,ആന്റി ഗ്ലയർ സ്ക്രീനുകളും ആക്രിക്കടകളിൽ വിൽക്കുന്നതായാണ് വിവരം.