ലുധിയാന: ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആംആദ്മി പാർട്ടി നേതാവും വ്യവസായിയുമായ അനോഖ് മിത്തലും 24കാരിയായ കാമുകിയും പോലീസ് പിടിയിൽ. നാലു വാടകക്കൊലയാളികളെയും പോലീസ് പിടികൂടിയിട്ടുണ്ട്.
മിത്തലിന്റെ ഭാര്യ ലിപ്സി മിത്തൽ (33) ശനിയാഴ്ച കൊള്ളക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. ലുധിയാന-മലേർകോട്ല റോഡിലെ ഹോട്ടലിൽ അത്താഴം കഴിച്ച് വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു സംഭവം.
വീട്ടിലേക്കു മടങ്ങുന്പോൾ കവർച്ചക്കാർ തങ്ങളെ തടഞ്ഞുനിർത്തി, മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് മിത്തൽ ആദ്യം പോലീസിനു നൽകിയ മൊഴി. എന്നാൽ, മൊഴിയിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലിപ്സിയെ കൊന്നതാണെന്നു പോലീസ് കണ്ടെത്തുകയായിരുന്നു.
കരാർ കൊലയാളികൾക്ക് 2.5 ലക്ഷം രൂപ നൽകാമെന്ന് അനോഖ് മിത്തൽ വാഗ്ദാനം ചെയ്തിരുന്നുവെന്നും 50,000 രൂപ മുൻകൂർ നൽകിയെന്നും പോലീസ് പറഞ്ഞു. ക്വട്ടേഷൻ കൊലയാളി സംഘത്തിലെ പ്രധാനി ഗുർപ്രീത് സിംഗ് എന്ന ഗോപി ഇപ്പോഴും ഒളിവിലാണെന്നു പോലീസ് കമ്മീഷണർ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.