കൊച്ചി: കഴിഞ്ഞതവണ സംസ്ഥാനത്തെ 15 ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുകയും എറണാകുളം മണ്ഡലത്തിൽ മാത്രം അര ലക്ഷത്തിലേറെ വോട്ടുകൾ നേടുകയും ചെയ്ത ആം ആദ്മി പാർട്ടി (എഎപി) ഇക്കുറി കേരളത്തിൽ ഒരിടത്തും അങ്കത്തിനില്ല. അനിതാ പ്രതാപ് ആയിരുന്നു കഴിഞ്ഞതവണ എറണാകുളത്തെ സ്ഥാനാർഥി. ഇവർക്കു ലഭിച്ച 51,517 വോട്ടായിരുന്നു സംസ്ഥാനത്ത് എഎപി സ്ഥാനാർഥിക്കു ലഭിച്ച ഏറ്റവും കൂടിയ വോട്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു 44,638 വോട്ടുകൾ നേടിയ സാറാ ജോസഫിന് ആയിരുന്നു രണ്ടാംസ്ഥാനം.
ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ കെ.എം. നൂർദീൻ 35,189 വോട്ടുകളും കോട്ടയത്ത്് അഡ്വ. അനിൽ ഐക്കര 26,381 വോട്ടുകളും കരസ്ഥമാക്കി. മറ്റു ലോക്സഭാ മണ്ഡലങ്ങളിൽ കാര്യമായ വോട്ടുകൾ നേടാൻ സാധിച്ചിരുന്നില്ല. ഇത്തവണ എഎപി സ്ഥാനാർഥികളാരും മത്സരരംഗത്തില്ലെന്നിരിക്കേ കഴിഞ്ഞതവണ നേടിയ വോട്ടുകൾ എങ്ങോട്ടെന്നത് ഇടത്, വലത് ക്യാന്പുകളിൽ ചങ്കിടിപ്പേറ്റുന്നുണ്ട്.
കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് മത്സരരംഗത്തില്ലാത്തതെന്നു സംസ്ഥാന എഎപി നേതാക്കൾ പറയുന്നു. എൻഡിഎ സ്ഥാനാർഥി ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ അവിടങ്ങളിലെ മുഖ്യ എതിർസ്ഥാനാർഥിക്കു വോട്ടുനൽകി അവരെ ജയിപ്പിക്കാനാണു കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. രാജ്യത്തു നാലു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാത്രമാണ് എഎപി സ്ഥാനാർഥികൾ ഇത്തവണ മത്സരരംഗത്തുള്ളത്.
റോബിൻ ജോർജ്