കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി സംസ്ഥാനത്ത് അങ്കത്തിനില്ലാത്ത ആം ആദ്മി പാർട്ടി (എഎപി) 2014ൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽനിന്നും തൂത്തുവാരിയത് അരലക്ഷത്തിലേറെ വോട്ടുകൾ. എറണാകുളത്തുനിന്നും ആംആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച അനിതാ പ്രതാപിന് ലഭിച്ച 51,517 വോട്ടുകളാണ് സംസ്ഥാനത്തുതന്നെ എഎപി സ്ഥാനാർഥികൾക്കു കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ മുന്നിലുള്ളതും. തൃശൂർ ലോക്സഭാ മണ്ഡലത്തിൽനിന്ന് 44,638 വോട്ടുകൾ നേടിയ സാറാ ജോസഫാണ് എഎപി സ്ഥാനാർഥികളിൽ രണ്ടാമത്.
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന കെ.എം. നൂർദീൻ 35,189 വോട്ടുകളും കോട്ടയത്തുനിന്ന് അഡ്വ. അനിൽ ഐക്കര 26,381 വോട്ടുകളും കരസ്ഥമാക്കിയിരുന്നു. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എഎപി സ്ഥാനാർഥികളാരും മത്സര രംഗത്തിലാത്തതിനാൽ ഇത്രയും വോട്ടുകൾ എങ്ങോട്ടെന്ന കാര്യത്തിൽ ഇടത്, വലത് ക്യാന്പുകളിലും ചങ്കിടിപ്പേറുന്നുണ്ട്.
സംസ്ഥാനത്തെ മറ്റ് ലോക്സഭാ മണ്ഡലത്തിൽനിന്ന് കാര്യമായ വോട്ടുകൾ നേടാൻ സാധിച്ചില്ലെങ്കിലും എറണാകുളം അടക്കം നാല് ജില്ലകളിൽനിന്നുള്ള വോട്ടുകൾ ഇടത്, വലത് മുന്നണി സ്ഥാനാർഥികളുടെ വിജയത്തിൽ മുഖ്യപങ്കുവഹിക്കുമെന്നാണു എഎപി പാർട്ടിക്കുള്ളിലെ നിരീക്ഷണവും. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് ഇക്കുറി സംസ്ഥാനത്ത് മത്സര രംത്തിലാത്തതെന്നു സംസ്ഥാന നേതാക്കൾ പറയുന്നു.
എൻഡിഎ സ്ഥാനാർഥികളെ എത് വിധേയേനെയും തോൽപിക്കുന്നതിന്റെ ഭഗാമായാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടുള്ളതെന്നും രാജ്യത്ത് നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് എഎപി സ്ഥാനാർഥികൾ മത്സര രംഗത്തുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു. എഎപി സ്ഥാനാർഥികൾ മത്സരിച്ചാൽ എൻഡിഎ സ്ഥാനാർഥികൾക്കു ലഭിക്കുന്ന വോട്ടുകൾ ചിതറിപോകുവാൻ സാധ്യതയുണ്ട്.
അതൊഴിവാക്കി എൻഡിഎ സ്ഥാനാർഥി ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ അവിടങ്ങളിലെ മുഖ്യ എതിർസ്ഥാനാർഥിക്കു വോട്ടുനൽകി അവരെ ജയിപ്പിക്കാനുള്ള തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചിട്ടുള്ളതെന്നും ഈ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേരളത്തിൽ പാർട്ടി മത്സരരംഗത്തില്ലാത്തതെന്നും എഎപി ഭാരവാഹികൾ പറഞ്ഞു.