നിയാസ് മുസ്തഫ
വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ അർപ്പിച്ച് ആംആദ്മി പാർട്ടി. ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾക്കു പിന്നാലെ ഗുജറാത്തിലും അധികാരത്തിലെത്താനുള്ള ക്രിയകൾ അവർ ആരംഭിച്ചിട്ടുണ്ട്.
ആം ആദ്മി പാർട്ടിയുടെ വിപുലീകരണം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാൾ ഇന്നലെ ഗുജറാത്തിലെ മെഹ്സാനയിൽ റോഡ്ഷോ നടത്തിയിരുന്നു.
സംസ്ഥാന ബിജെപി ഭരണത്തിനെതിരേ ശക്തമായ വിമർശനം ഉന്നയിച്ചാണ് കെജ്രിവാൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്.
ആം ആദ്മി പാർട്ടിക്കൊഴികെ മറ്റെല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ബിജെപിക്കെതിരെ വല്ലതും സംസാരിക്കാൻ ഭയമാണ്. ഗുജറാത്ത് മാറാൻ പോകുകയാണ്.
ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള ഒരേയൊരു മറുമരുന്ന് ആംആദ്മി പാർട്ടി മാത്രമാണെന്നും കെജ്രിവാൾ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങൾ മാറ്റത്തിനായി കൊതിക്കുന്നു.
അവർ കോണ്‍ഗ്രസിനെയും ബിജെപിയേയും മടുത്തു. ബിജെപിയുടെ സഹോദരിയെന്ന നിലയിലാണ് കോണ്‍ഗ്രസ് പ്രവർത്തിക്കുന്നത്. -കെജ്രിവാൾ ഇന്നലെ റേഡ് ഷോയിൽ വ്യക്തമാക്കി.
നാലാം തവണ
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് കെജ്രിവാൾ ഗുജറാത്ത് സന്ദർശിക്കുന്നത്. ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
മെഹ്സാന ടൗണിലെ പഴയ ബസ് സ്റ്റാൻഡ് മുതൽ രാജ്മഹൽ റോഡിലെ മാർക്കറ്റ് വരെയായിരുന്നു കെജ്രിവാളിന്റെ നേതൃത്വത്തിൽ ആംആദ്മി പാർട്ടിയുടെ ശക്തിപ്രകടനം. പട്ടീദാർ, ചൗധരി സമുദായങ്ങൾ ആധിപത്യം പുലർത്തുന്ന ഈ മേഖല ബിജെപിക്ക് സ്വാധീനമുള്ള മേഖലയാണ്.
എന്നിട്ടും വൻ ജനാവലി കെജ്രിവാളിന്റെ വാക്കുകൾ കേൾക്കാൻ ഇവിടെ തടിച്ചുകൂടിയെന്നത് ബിജെപിയെ അസ്വസ്ഥരാക്കുന്നുണ്ട്.