കൊച്ചി: ദിവസവും പല ആവശ്യങ്ങൾക്കായി ചെലവാകുന്ന പൈസ ഡയറിയിൽ എഴുതി സൂക്ഷിക്കുന്നവരാണ് പലരും. ആഗ്രഹമുണ്ടെങ്കിലും എഴുതാനുള്ള മടികൊണ്ടും മറവികൊണ്ടും പലരും ഇതു വേണ്ടെന്നുംവയ്ക്കും.
ഇനിയിപ്പോൾ കണക്കെഴുതാൻ ഡയറിയുമായി നടക്കേണ്ട. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും സൂക്ഷിക്കാൻ ‘കണക്കുബുക്ക്’ (Kanakku Book)എന്ന പുതിയ ആൻഡ്രോയിഡ് ആപ് വികസിപ്പിച്ചിരിക്കുകയാണ് തൃശൂർ വടക്കാഞ്ചേരി സ്വദേശി എൻ.ബി. രഘുനാഥ്.
സ്മാർട്ട് ഫോണ്‍ ഉപയോഗിച്ച് സൗകര്യംപോലെ യാത്ര ചെയ്യുന്പോഴോ ഭക്ഷണം കഴിക്കുന്പോഴോ ടിവി കാണുന്പോഴോ എപ്പോൾ വേണമെങ്കിലും നമ്മുടെ കണക്കുകൾ ഈ ആപ്പിൽ ചേർക്കാം.
അതുപോലെ ഓരോ ദിവസത്തെയും കണക്കുകൾ, ഒരു മാസത്തെ കണക്കുകൾ അല്ലെങ്കിൽ ഓരോ ഐറ്റം തിരിച്ചുള്ള കണക്കുകൾ എന്നിങ്ങനെ നമുക്ക് ഇഷ്ടമുള്ള രീതിയിൽ നമ്മുടെ ചെലവുകൾ നമുക്കു കാണാനും സാധിക്കും. ചെലവുകൾ മാത്രമല്ല, ഓരോ ദിവസത്തെ വരുമാനവും ഈ ആപ്പിലൂടെ രേഖപ്പെടുത്തിവയ്ക്കാം.
പണം കാഷായാണോ അതോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളോ, ചെക്ക് ആയാണോ കൊടുത്തതെന്ന വിവരവും കൃത്യമായി രേഖപ്പെടുത്താനും ഇനം തിരിച്ചു കാണാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആർക്കു വേണമെങ്കിലും സൗജന്യമായി ഈ ആപ് ഡൗണ്‍ലോഡ് ചെയ്തു മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആപ് ഉപയോഗിക്കാവുന്നതാണ്. രണ്ടു മാസത്തെ ശ്രമത്തിന്റെ ഫലമായാണ് രഘുനാഥ് ആപ് വികസിപ്പിച്ചത്.