ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിനെതിരേ ആം ആദ്മി പാർട്ടി പ്രവർത്തകർ ഇന്നു ഡൽഹിയിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. വൈകീട്ട് മെഴുകുതിരി തെളിച്ചും എഎപി പ്രതിഷേധിക്കും. വരുന്ന ഞായറാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ മഹാറാലിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കേജരിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിലെ ധാർമികത ചോദ്യം ചെയ്ത് ബിജെപിയും പ്രതിഷേധത്തിലാണ്. ജയിലിൽനിന്ന് ഭരിക്കാമെന്നു കേജരിവാൾ കരുതേണ്ടെന്നാണ് ബിജെപി പറയുന്നത്. ഇഡി കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ കൃത്യനിർവഹണം നടത്തിയ അരവിന്ദ് കേജരിവാളിനെതിരേ ലഫ്.ഗവർണർക്ക് പരാതി ലഭിച്ചിട്ടുണ്ട്.
സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാലാണ് പരാതി നിൽകിയത്. ജലബോർഡുമായി ബന്ധപ്പെട്ട ഉത്തരവാണ് കേജരിവാൾ ഇറക്കിയത്. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നിയമലംഘനമാണെന്നും നടപടി ക്രമങ്ങൾക്കു വിരുദ്ധമാണെന്നുമാണു പരാതി. മുഖ്യമന്ത്രിയുടെ ഉത്തരവ് വ്യാജമായി കെട്ടിചമച്ചതാണോ എന്നകാര്യമടക്കം അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.