നിയാസ് മുസ്തഫ
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപിയേയും ആം ആദ്മി പാർട്ടിയേയും മലർത്തിയടിച്ച് കോൺഗ്രസിന് വിജയക്കൊടി പാറിക്കാൻ കഴിയുമോ ? ഷീല ദീക്ഷിത് ഡൽഹി കോൺഗ്രസിന്റെ തലപ്പത്ത് വന്നിരിക്കുന്നത് ഈയൊരു വെല്ലുവിളിയും ഏറ്റെടുത്താണ്.
രാഷ്ട്രീയ രംഗത്ത് അര നൂറ്റാണ്ടിലേറെ പ്രവർത്തന പാരന്പര്യമുണ്ട് ഷീല ദീക്ഷിത്തിന്. മൂന്നു പ്രാവശ്യം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്തിന്റെ കരങ്ങളിൽ കോൺഗ്രസിന്റെ ഭാവി ഡൽഹിയിൽ ഭദ്രമായിരിക്കുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് പ്രതീക്ഷിക്കുന്നത്.
അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി 2013ൽ നേടിയ മിന്നും വിജയത്തോടെയാണ് ഷീല ദീക്ഷിത്തിന് മുഖ്യമന്ത്രി കസേര നഷ്ടമായത്. 2014ൽ കുറച്ചുകാലം കേരള ഗവർണർ ആയിരുന്നു ഷീല ദീക്ഷിത്. ആരോഗ്യ കാരണങ്ങളാൽ കോൺഗ്രസിന്റെ ഉയർന്ന പദവികളിൽനിന്ന് മാറി നിൽക്കുകയായിരുന്നു.
അജയ് മാക്കൻ ഡിപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവാണ് 80കാരിയായ ഷീല ദീക്ഷിത്തിനെ പുതിയ നേതാവായി രാഹുൽഗാന്ധി നിയമിച്ചിരിക്കുന്നത്. ഡൽഹിയിൽ ആം ആദ്മിയുമായി കോൺഗ്രസ് സഖ്യത്തിനു ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്ന വേളയിലാണ് അജയ് മാക്കൻ രാജിവച്ചത്.
ആം ആദ്മിയുമായി സഹകരിക്കേണ്ടതില്ലായെന്ന നിലപാടായിരുന്നു അജയ് മാക്കനുണ്ടായിരുന്നത്. ഷീല ദീക്ഷിത്തിനും ആം ആദ്മി പാർട്ടിയുമായി സഹകരിക്കുന്നതിൽ താല്പര്യക്കുറവുണ്ട്. എന്നാൽ ബിജെപിയെ അധികാരത്തിൽനിന്ന് ഒഴിവാക്കാൻ വേണമെങ്കിൽ സഖ്യമാകാം എന്നൊരു നിലപാടും ഷീല ദീക്ഷിത്തിനുണ്ടായിരുന്നു.
ആം ആദ്മി പാർട്ടിയുമായി സഖ്യത്തിന് ആദ്യം ശ്രമിച്ച കോൺഗ്രസ് പല കോണുകളിൽനിന്ന് എതിർപ്പുകൾ വന്നതോടെ പിൻമാറുകയായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് ഏറ്റവും കൂടുതൽ എതിർപ്പുമായി രംഗത്തുവന്നത്. രാഹുൽഗാന്ധിയെ നേരിൽ കണ്ടാണ് ആം ആദ്മിയുമായി സഖ്യം വേണ്ടെന്ന് അമരീന്ദർ സിംഗ് ആവശ്യപ്പെട്ടത്.
പഞ്ചാബിൽ മുഖ്യ പ്രതിപക്ഷമാണ് ആം ആദ്മി പാർട്ടി. ആം ആദ്മിയുമായി സഖ്യത്തിലായാൽ പഞ്ചാബിൽ അത് ബിജെപിക്ക് നേട്ടം ചെയ്യുമെന്നും കോൺഗ്രസ് വോട്ടുബാങ്ക് നഷ്ടപ്പെടുമെന്നും അമരീന്ദർ സിംഗ് രാഹുൽഗാന്ധിയെ ബോധിപ്പിച്ചു. ഇതോടൊപ്പം കോൺഗ്രസ് നടത്തിയ സർവേയിലും ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം കോൺഗ്രസിന് വലിയ പ്രയോജനം ചെയ്യില്ലായെന്ന് കണ്ടെത്തിയിരുന്നു.
ആം ആദ്മി പാർട്ടിയുടെ വല്യട്ടൻ മനോഭാവവും അവരുമായി സഖ്യത്തിൽനിന്ന് പിൻമാറാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചുവെന്നു വേണം കരുതാൻ. സഖ്യത്തിൽ മേൽക്കോയ്മ ആം ആദ്മി പാർട്ടിക്കായിരിക്കണം, നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥി അരവിന്ദ് കെജ്രിവാൾ ആയിരിക്കണം തുടങ്ങിയ നിർദേശങ്ങൾ കോൺഗ്രസിനു രസിച്ചിട്ടുമില്ല.
സഖ്യ സാധ്യതകൾ അവസാനിച്ചതോടെ കോൺഗ്രസിനെതിരേ ശക്തമായ രീതിയിൽ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയിരിക്കുകയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിനു വോട്ടുചെയ്യുക എന്നാൽ ബിജെപിയെ വിജയിപ്പിക്കുക എന്നതാണ് അർഥമെന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നു. കേന്ദ്രത്തിലെ ഭരണക്കാരെ പരാജയപ്പെടുത്തുക എന്ന ഉത്തരവാദിത്വം ഡൽഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും പാർട്ടി നിർവഹിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 46 ശതമാനം വോട്ടും എഎപി 33 ശതമാനവും കോണ്ഗ്രസ് 15 ശതമാനം വോട്ടുമാണ് നേടിയത്. അടുത്തിടെ നടന്ന സർവേയിൽ ബിജെപിക്ക് അവരുടെ വോട്ട് വിഹിതത്തിൽ 10 ശതമാനം കുറവുണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിങ്ങൾ വോട്ടർമാരെ കണ്ട് ഈ 10 ശതമാനം വോട്ട് എഎപിക്ക് നൽകാൻ ആവശ്യപ്പെടണം. അങ്ങനെയെങ്കിൽ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും എഎപിക്ക് ജയിക്കാൻ സാധിക്കും.
കോണ്ഗ്രസിന് വോട്ട് നൽകുക എന്നാൽ ബിജെപി വിജയിപ്പിക്കുക എന്നതാണ് അർഥമെന്നും ജനങ്ങൾക്ക് വിശദീകരിച്ചു നൽകണമെന്നും അദ്ദേഹം പാർട്ടി പ്രാദേശിക നേതാക്കളോടായി പറഞ്ഞിരിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു ലോക്സഭാ സീറ്റിലും ബിജെപിയാണ് വിജയിച്ചത്.