നിയാസ് മുസ്തഫ
ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് മിന്നുന്ന വിജയം. തുടർച്ചയായി മൂന്നാ മതും അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലു ള്ള ആം ആദ്മി സർക്കാർ ഡൽഹി ഭരിക്കും.
ഈ റിപ്പോർട്ട് തയാറാക്കും വരെ 70ൽ 58 സീറ്റിൽ ആംആദ്മി പാർട്ടി ലീഡ് ചെയ്യുകയാണ്. ബിജെപി 12 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ് ഒരിടത്തുപോലും ലീഡ് ചെയ്യുന്നി ല്ലായെന്നത് ഏറ്റവും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പിനുശേഷം നടന്ന എക്സിറ്റ് പോൾ ഫല പ്രവചനങ്ങൾ ശരിവയ്ക്കുംവിധത്തിലാണ് ഇന്ന് ഫലം പുറത്തുവന്നിരിക്കുന്നത്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളിലും ആംആദ്മി പാർട്ടി അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം.
2015ൽ നടന്ന തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റിൽ ആംആദ്മി പാർട്ടി വിജയിച്ചിരുന്നു. ബിജെപിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് അന്നും ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.
2015നെ അപേക്ഷിച്ച് ബിജെപിക്ക് നില മെച്ചപ്പെടുത്താൻ കഴിഞ്ഞത് അവരെ സംബന്ധിച്ച് അല്പം ആശ്വാസം നൽകുന്ന കാര്യമാണ്. പക്ഷേ, ഡൽഹിയിൽ ഭരണത്തിലെത്താൻ കഴിയാതെ വന്നത് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.
വലിയ പ്രതീക്ഷയോടെയായിരുന്നു ബിജെപി ഡൽഹി തെരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്. പ്രത്യേകിച്ച് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു ലോക്സഭാ സീറ്റും തൂത്തുവാരാനായ പശ്ചാത്തലത്തിൽ.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. വോട്ടെണ്ണുന്നതിന് മണിക്കൂറുകൾക്ക് മുന്പുവരെ തങ്ങൾ അധികാരത്തിലെത്തുമെന്നായിരുന്നു ബിജെപി നേതാക്കൾ പറഞ്ഞിരുന്നത്.
പൗരത്വ ഭേദഗതി നിയമവും ഷഹീൻബാഗ് വിരുദ്ധ പ്രചാരണവുമൊക്കെ വോട്ടായി മാറുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംമുതലേ ഷഹീൻ ബാഗ് സമരത്തിനെതിരേ ബിജെപി ശക്തമായി രംഗത്തുവന്നിരുന്നു.
ഇതോടൊപ്പം പൗരത്വ ഭേദഗതി നിയമം, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ മുന്നിൽനിർത്തിയായിരുന്നു പ്രചാരണം കൊണ്ടുപോയത്.
പക്ഷേ കേജരിവാൾ ഉയർത്തിയ വികസന മുദ്രാവാക്യത്തിനു മുന്നിൽ ബിജെപിയുടെ വാദങ്ങളെല്ലാം പൊളിഞ്ഞടുങ്ങിയിരിക്കുന്നു എന്നുവേണം പറയാൻ.
ഫലം വരുന്നതിനു മുന്പ് മമതയെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചു
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരുന്നതിനു മുൻപേ സത്യപ്രതിജ്ഞാ ചടങ്ങിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അരവിന്ദ് കേജരിവാൾ ക്ഷണിച്ചത് ശ്രദ്ധേയമായി.
മമത ബാനർജിയെ ടെലിഫോണിൽ വിളിച്ചാണ് കേജരിവാൾ സത്യ പ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതും ആം ആദ്മി പാർട്ടി അധികാരത്തി ലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചതും.
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതിനു ശേഷമായിരുന്നു ഇരുവരും സംസാരിച്ചത്. ചടങ്ങിൽ സംബന്ധിക്കാൻ മമത എത്തുമെന്ന് പറഞ്ഞതായി അരവിന്ദ് കേജരിവാളിന്റെ ഓഫീസ് അറിയിച്ചു. മറ്റ് പ്രധാന തിരക്കുകളൊന്നുമില്ലെങ്കിൽ തീർച്ചയായും ചടങ്ങിൽ പങ്കെടുക്കാൻ എത്തുമെന്നാണ് മമത അറിയിച്ചത്.