നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസിനെയും അഭിനന്ദിച്ച് എ.എ. റഹീം എംപി.
നിപ്പ പ്രതിരോധത്തിൽ മറ്റൊരു കേരള മോഡൽ കൂടി കാഴ്ച വച്ചെന്ന് എ.എ. റഹിം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദന കുറിപ്പ് ഇട്ടത്.
പോസ്റ്റിന്റെ പൂർണ രൂപം…
കേരളവും നിപ്പ പ്രതിരോധവും പ്രത്യേക പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിൽ എത്തിയപ്പോൾ മുതൽ പലർക്കും അറിയേണ്ടത് കേരളത്തിലെ നിപ്പാ വൈറസ് ബാധയെ കുറിച്ചാണ് .
ആശങ്ക വേണ്ടെന്നും നിപ്പ പ്രതിരോധത്തിൽ മറ്റൊരു കേരള മോഡൽ കൂടി കാഴ്ച വച്ചു എന്ന് ആത്മവിശ്വാസത്തോടെ എല്ലാവർക്കും മറുപടി നൽകാനായി .
അതിഭീകരമായ വൈറസിനെ കേരളം പ്രതിരോധിച്ച രീതിയെ ലോകമെന്പാടുമുള്ള ആരോഗ്യപ്രവർത്തകർ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.
ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വീണ്ടും ലോകശ്രദ്ധ ആകർഷിക്കുകയാണ്.
രോഗം തിരിച്ചറിഞ്ഞത് മുതൽ ശാസ്ത്രീയമായി എങ്ങനെ നിപ്പ പ്രതിരോധം സാധ്യമാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് കൊച്ചു കേരളം.
രോഗം റിപ്പോർട്ട് ചെയ്തത് മുതൽ കോഴിക്കോട് ക്യാമ്പ് ചെയ്യുന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെയും ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്.
രോഗബാധിതയായ 9 വയസ്സുകാരന്റെ അമ്മയോട് സംസാരിച്ച് ആത്മവിശ്വാസം നൽകുന്ന ആരോഗ്യമന്ത്രി കേരളത്തിന് ആകെ പകർന്നു നൽകിയതും അതേ ആത്മവിശ്വാസമാണ്.ആ ധൈര്യവും ആത്മവിശ്വാസവുമാണ് ഓരോ ആരോഗ്യ പ്രവർത്തകരിലും പ്രകടമായത്.
പൊതുജനാരോഗ്യരംഗത്ത് ഇടതുപക്ഷ സർക്കാർ പുലർത്തി വരുന്ന കരുതൽ ഒരിക്കൽ കൂടി കേരളത്തിന്റെ ആരോഗ്യ മോഡലിന്റെ കരുത്ത് തെളിയിച്ചു. നിപ്പാ ഭീതി ഒഴിയുന്പോൾ മുഴുവൻ ആരോഗ്യപ്രവർത്തകർക്കും ഹൃദയ അഭിവാദ്യങ്ങൾ