കോഴഞ്ചേരി: ഡെങ്കി, എലിപ്പനി സ്ഥിരീകരിച്ചവരിൽ ഏറെപ്പേരും ആറന്മുള, ഇലന്തൂർ പ്രദേശങ്ങളിൽ നിന്നുള്ളവർ. ഇലന്തൂര്‍ പഞ്ചായത്തിലെ വാര്യാപുരം ചിറക്കാല പ്രദേശങ്ങളിലും ആറന്മുള പഞ്ചായത്തിലെ ളാക, എരുമക്കാട്, വല്ലന എന്നിവിടങ്ങളിലുമാണ് ഡെങ്കിപ്പനി ബാധിച്ചവര്‍ ഏറെയുള്ളത്.
ജില്ലയില്‍ 150 ലേറെ ആളുകളിൽ ഇതേവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ ഇതില്‍ 75 ശതമാനവും ഇലന്തൂര്‍, ആറന്മുള, പത്തനംതിട്ട മുനിസിപ്പാലിറ്റി പ്രദേശങ്ങളിലുമുള്ളവരാണെന്ന് ആരോഗ്യവകുപ്പിലെ കണക്കുകള്‍ പറയുന്നു. ജില്ലയിലാകെ എലിപ്പനി ബാധിച്ച 68 പേരില്‍ ബഹുഭൂരിപക്ഷം പേരും ആറന്മുള, ഇലന്തൂര്‍ പഞ്ചായത്തുകളില്പ്പെട്ടവരാണെന്നതും സ്ഥിതി ഗുരുതരമാക്കുന്നു.
ആറന്മുള പഞ്ചായത്തിലെ 5, 11,13 വാര്‍ഡുകളിലാണ് പനി ഏറെ പടരുന്നത്. പനി വ്യാപകമായിട്ടും ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത കാണിച്ചിട്ടില്ലായെന്ന വിമര്‍ശനവും നാട്ടുകാര്‍ക്കിടയിലുണ്ട്. ആറന്മുള പഞ്ചായത്തില്‍ ശുചിത്വ സമിതി ഉണ്ടെങ്കിലും കാര്യമായ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ല.
കാലവര്‍ഷം ആരംഭിക്കുന്നതിനുമുമ്പുതന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ ജാഗ്രത കാട്ടണമെന്ന സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും പഞ്ചായത്തുകള്‍ കാര്യമായി എടുത്തിരുന്നില്ല. ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ തസ്തിക ആറന്മുള ഗ്രാമപഞ്ചായത്തില്‍ ഒഴിഞ്ഞുകിടന്നിട്ട് മാസങ്ങള്‍ ഏറെയായിട്ടും ഇതുവരെയും നിയമനം ഉണ്ടായിട്ടില്ല.
പനിബാധിതരുടെ എണ്ണത്തില്‍ വന്‍ വർധന ഉണ്ടായിട്ടും ആറന്മുള പഞ്ചായത്തിലെ വല്ലനയില്‍ സ്ഥിതിചെയ്യുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിനു ജീവനക്കാരില്ല. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശ പ്രകാരം രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ഒപി വിഭാഗം പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇതിനാവശ്യമായ ജീവനക്കാരില്ല. മൂന്നു ഡോക്ടര്‍മാര്‍ മാത്രമാണ് സേവന രംഗത്തുള്ളത്. ലാബ് ടെക്നീഷന്റെയും നഴ്സുമാരുടെയും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
പനി ബാധിച്ചെത്തുന്നവര്‍ക്ക് കൂടുതല്‍ ലാബ് പരിശോധന വേണ്ടിവന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറിയും അതിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും ഉണ്ടെങ്കിലും ടെക്നീഷന്‍ മാത്രമില്ല. പകര്‍ച്ച വ്യാധികളും മഴക്കാല രോഗങ്ങളും പടരുമ്പോഴും പ്രൈമറി ഹെല്‍ത്ത് സെന്ററിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതുമൂലം രോഗികള്‍ക്ക് മതിയായ ശുശ്രൂഷയും പരിഗണനയും ലഭിക്കുന്നില്ല.