ആറന്മുള: പൈതൃക ഗ്രാമത്തിന് പ്രളയം വരുത്തി വച്ച നാശനഷ്ടങ്ങൾ ആറന്മുള ഹെറിട്ടേജ് ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം വിലയിരുത്തി. മറ്റിടങ്ങളിൽ പൈതൃക സ്മാരകൾക്ക് പ്രകൃതി ക്ഷോഭം മൂലം നേരിട്ടുണ്ടാകുന്ന നഷ്ടത്തിൽ നിന്ന് വ്യത്യസ്തമായി ആറന്മുളയിൽ പൈതൃക സംബന്ധമായ ജിവനോപാധി സ്വീകരിച്ചിരിക്കുന്നവർക്കുണ്ടായ നഷ്ടംകൂടിയാണ് സംഭവിച്ചിരിക്കുന്നതെന്ന് സമിതി വിലയിരുത്തി.
ആറന്മുള കണ്ണാടിയുടെ നിർമാണം തൊഴിലായി സ്വീകരിച്ചിരിക്കുന്നവർക്കുണ്ടായിരിക്കുന്ന നഷ്ടം ഇത്തരത്തിൽ പരിഗണിക്കപ്പെടേണ്ടതാണെന്ന് സമിതി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പുനർ നിർമാണത്തിന്റെ ഭാഗമായി നടത്തുന്ന പദ്ധതികളിൽ പൈതൃക സംരക്ഷണത്തെ അവഗണിക്കരുതെന്ന് സമിതി ആവശ്യപ്പെട്ടു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്ര വിലയിരുത്തൽ സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച സമിതി അംഗവും ഹെറിട്ടേജ് ട്രസ്റ്റ് ചെയർമാനുമായ ഡോ. എം. വേലായുധൻ നായർ, ദാരുശില്പകലകളെയും ചുവർചിത്ര കലകളെയും കുറിച്ച് പഠനം നടത്തുന്ന ഡോ. എം. ജി. ശശിഭൂഷണ്‍, ഇന്ത്യൻ കൗണ്‍സിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് അംഗം സി. ഐ. ഐസക് എന്നിവർ പള്ളിയോട ഗ്രാമങ്ങളിലെ ജനങ്ങളുടെ ദുരിത കാഴ്ചകളും പ്രളയം ബാക്കിവച്ച പൈതൃകത്തിന്റെ ശേഷിപ്പുകളും നേരിട്ടുകണ്ടു വിലയിരുത്തി.
മുർത്തിട്ട ഗണപതി ക്ഷേത്രത്തിലെ ചുവർ ചിത്രരചനയ്ക്കുണ്ടായിട്ടുള്ള തകരാറുകൾ പരിഹരിക്കാൻ വിദഗ്ധരെ നിയോഗിക്കുന്നതിന് സംഘം നിർദ്ദേശിച്ചു. തെക്കേമുറി , തെക്കേമുറികിഴക്ക്, ളാക ഇടയാറന്മുള. ചിറയിറന്പ് എന്നീ പള്ളിയോടപ്പുരകൾ തകർന്നത് വിലയിരുത്തി. റാന്നി പുതുക്കുളങ്ങര, ളാക ഇടയാറന്മുള തുടങ്ങിയ പള്ളിയോടങ്ങൾക്കു നേരിട്ട നാശ നഷ്ടങ്ങൾ സംബന്ധിച്ച് പള്ളിയോട സേവാസംഘം പ്രസിഡൻറ് ബി. കൃഷ്ണകുമാർ കൃഷ്ണവേണി, സെക്രട്ടറി പി. ആർ. രാധാകൃഷ്ണൻ എന്നിവർ വിശദീകരിച്ചു.
ആറന്മുള കണ്ണാടി നിർമിക്കുന്ന ആറന്മുളയിലെയും മാലക്കരയിലെയും യൂണിറ്റുകൾ സന്ദർശിച്ചു. നിർമാണം പൂർത്തിയായ ആറന്മുള കണ്ണാടി പോലും ചെളിയും സിമൻറ് പോലെയുള്ള പൊടിയും കാരണം ഉപയോഗിക്കാൻ കഴിയില്ലെന്ന വസ്തുത നേരിട്ടു കണ്ടപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് സംഘാംഗങ്ങൾ പറഞ്ഞു.കൂടാതെ കണ്ണാടി നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ നഷ്ടം വേറെയും. ആറന്മുളയിൽ നിന്ന് ശേഖരിച്ചിരുന്ന പ്രത്യേക തരം ചെളിയുള്ള നീർത്തടങ്ങളിൽ പ്രളയത്തിൽ എത്തിയ വെളുത്ത ചെളി മൂടിയിരിക്കുകയാണ്.
പലരുടെയും നിർമാണ ശാലകളും വീടുകളും തകർന്നു. പള്ളിയോടങ്ങളുമായി ബന്ധപ്പെട്ട് പ്രാഥമികമായി മൂന്നു കോടിരൂപയും ആറന്മുള കണ്ണാടിയുമായി ബന്ധപ്പെട്ട് ഒന്നരക്കോടിയുടെയും നഷ്ടമാണ് കണക്കാക്കുന്നത്. മിക്ക പള്ളിയോടങ്ങളും കരയിൽ നിന്നിറക്കി പന്പയിൽ തുഴഞ്ഞതിന് ശേഷമാണ് കൂടുതൽ കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടത്. വള്ളസദ്യക്കാലം ഉൾപ്പെടെ പ്രദേശത്തെ ജനങ്ങളുടെ ജിവനോപാധികൾക്ക് ലഭിക്കാമായിരുന്ന നേട്ടം പ്രളയം മൂലം നഷ്ടമായി ഭവിച്ചത് സാധാരണക്കാരെയാണ് ബാധിച്ചത്.
ഹെറിട്ടേജ് ട്രസ്റ്റ് അംഗങ്ങളായ ആർ. എസ്. നായർ, അജയകുമാർ വല്ലുഴത്തിൽ, ഷാജി ആർ. നായർ, പി ഇന്ദുചൂഡൻ, പി. ആർ. ഷാജി, ഡോ. കെ. ഉണ്ണികൃഷ്ണൻ, ഡോ. ഗോപകുമാർ , ഉണ്ണി കല്ലിശ്ശേരി ,പി. പി. ചന്ദ്രശേഖരൻ നായർ തുടങ്ങിയവരും സംഘവുമായി ചർച്ച നടത്തി.