ആറന്മുള: ആറന്മുള അരി എന്ന പേരിൽ ചാക്കിന്റെ മുകളിൽ ലേബൽ പതിച്ച് സർക്കാരും കൃഷിവകുപ്പും ജനങ്ങളെ പറ്റിക്കുകയാണെന്ന് മുൻ എംഎൽഎ കെ.ശിവദാസൻ നായർ കുറ്റപ്പെടുത്തി. ആറന്മുള വിമാനത്താവള പദ്ധതി അട്ടിമറിച്ചതിനെ ന്യായീകരിക്കാൻ നടത്തുന്ന വൃഥാ വ്യായാമമാണ് ആറന്മുള ബ്രാൻഡ് അരി.വിമാനത്താവള പദ്ധതി പ്രദേശത്തോ കെജിഎസ് കന്പനിയുടെ കൈവശമുണ്ടായിരുന്ന സ്ഥലത്തോ ഒരു മണി നെല്ലുപോലും കൃഷി ചെയ്തിട്ടില്ല.
മറിച്ചുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. ആറന്മുള എൻജിനിയറിംഗ് കോളിനു മുൻവശം സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് മുഖ്യമന്ത്രിയെത്തി വിത്തെറിഞ്ഞത്. അവിടെ എത്ര ഏക്കറിൽ കൃഷി നടത്തിയെന്നും എത്ര നെല്ല് കിട്ടിയെന്നും ചെലവെത്രയെന്നും കൃഷിവകുപ്പ് വ്യക്തമാക്കണം.
വിമാനത്താവള പദ്ധതി പ്രദേശത്തിനു പുന്നയ്ക്കാട്, നീർവിളാകം പാടശേഖരങ്ങളിലാണ് ഈവർഷം കൃഷി നടത്തിയത്. അവിടെ കൃഷി ചെയ്യുന്നതിനു ലക്ഷകണക്കിനു രൂപ ചെലവഴിച്ച് ഉത്പാദിപ്പിച്ച നെല്ലാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. ഓരോ പാടശേഖരത്തിനും കൃഷിയിറക്കുന്നതിന് എത്ര രൂപ ചെലവഴിച്ചുവെന്നും എന്തു വരുമാനം ലഭിച്ചുവെന്നും ജനങ്ങളെ അറിയിക്കാനുള്ള ബാധ്യതയും കൃഷിവകുപ്പിനുണ്ടെന്ന് ശിവദാസൻ നായർ പറഞ്ഞു.
വിമാനത്താവളം പദ്ധതി പ്രദേശത്ത് ഒൗദ്യോഗിക സംരക്ഷണത്തോടെ വൻതോതിൽ മണ്ണുകച്ചവടം നടക്കുന്നതായും ശിവദാസൻ നായർ കുറ്റപ്പെടുത്തി. കൃഷിയുടെയും തോടിന്റെയും പേരിൽ നടക്കുന്ന കൊള്ളയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.