ആറന്മുള: വിമാനത്താവള വിരുദ്ധ സമരത്തിന്റെ ഭാഗമായി കുടിയേറിയവരെ ഒഴിപ്പിക്കാനാകാതെ സിപിഎം. അനധികൃതമായ കുടിയേറ്റം കൈയേറ്റത്തിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ ഭരണകക്ഷിയെന്ന നിലയില്‍ പാര്‍ട്ടിക്ക് ബാധ്യതയാകുകയാണ്. തങ്ങള്‍ നേരിടുന്ന അവഗണനയ്‌ക്കെതിരെ കുടിയേറിയവരും രോഷാ കുലരാണ്.ആറന്മുളയില്‍ നിലംനികത്തിയെടുത്ത സ്ഥലത്ത് വിമാനത്താവളം പദ്ധതി അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ച സിപിഎം 2012ലാണ് 50 ഓളം കുടിലുകള്‍ പദ്ധതി പ്രദേശത്തു സ്ഥാപിച്ച് ഭൂരഹിതരായവരെ കുടിയേറ്റിയത്. പാര്‍ട്ടി അനുഭാവികളാണ് ഇവരില്‍ ഏറെപ്പേരും. 20 ലധികം കുടിലുകള്‍ ഇപ്പോഴും ഈ പ്രദേശത്തുണ്ട്.
മറ്റു ചിലര്‍ കുടിലുകള്‍ കെട്ടിയശേഷം മറ്റു സ്ഥലങ്ങളില്‍ താമസിക്കുകയും ഇടയ്ക്ക് ആറന്മുളയില്‍ വന്നുപോകുന്നുമുണ്ട്. ആറന്മുളയിലെ കുടിയേറ്റമെന്ന പേരില്‍ ഇവര്‍ക്ക് ഭൂമി അനുവദിച്ചുനല്‍കുമെന്ന പ്രതീക്ഷയുമുണ്ട്. വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത സ്ഥലം തര്‍ക്കത്തിലായതിനാല്‍ ഇത് മിച്ചഭൂമിയായി പ്രഖ്യാപിക്കാന്‍ ശ്രമം നടക്കുകയാണ്. എന്നിരുന്നാലും കുടിയേറ്റക്കാര്‍ക്ക് സ്ഥലം നല്‍കുന്നതില്‍ നിയമപരമായ തടസങ്ങളുണ്ടാകും. പ്രതിപക്ഷത്തായിരുന്നപ്പോള്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച പാര്‍ട്ടി ഭരണത്തിലെത്തിയപ്പോള്‍ നിയമവിരുദ്ധ നടപടികള്‍ക്കു കൂട്ടുനില്‍ക്കാനാകാത്ത സ്ഥിതിയിലാണ്.
വിമാനത്താവളം പദ്ധതി പ്രദേശത്തെ വ്യവസായമേഖല പ്രഖ്യാപനം ഒഴിവാക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. കരിമാരംതോട് പുനഃസ്ഥാപിക്കുന്നതിനു പിന്നാലെ വിമാനത്താവളം പദ്ധതി പ്രദേശത്തെ മുഴുവന്‍ മണ്ണും നീക്കം ചെയ്യണമെന്നാവശ്യമുയരും. പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകുമെങ്കിലും പദ്ധതിക്കെതിരെ സമരരംഗത്തായിരുന്ന പാര്‍ട്ടിക്ക് നടപടികള്‍ നടത്തേണ്ടതായി വരും. നിലവില്‍ ആറന്മുള വിമാനത്താവളം പദ്ധതി പ്രദേശത്തോടു ചേര്‍ന്ന പാടശേഖരങ്ങളാണ് കൃഷിയോഗ്യമാക്കുന്നത്.
ഇവിടെ ലക്ഷ്യമിടുന്ന നെല്‍കൃഷി വിജയിച്ചാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ കൃഷിയോഗ്യമാക്കണമെന്നാവശ്യമുണ്ടാകും. വിമാനത്താവളം പദ്ധതി പ്രദേശത്തു കൃഷിക്കു വിട്ടുനല്‍കണമെന്നാവശ്യം നേരത്തെ ഉയര്‍ന്നതാണ്. കൈയേറ്റക്കാരെ കുടിയൊഴിപ്പിക്കാനും ആകാത്ത സ്ഥിതിയുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞുവന്ന ഭൂരഹിതരായവരെയാണ് ആറന്മുളയിലേക്കു താമസിപ്പിച്ചിരിക്കുന്നത്. കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത പ്രദേശമാണെന്ന് താമസക്കാര്‍ പറയുന്നു. തങ്ങളെ താമസിപ്പിച്ചശേഷം സിപിഎമ്മോ കര്‍ഷകസംഘടനകളോ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ഇവര്‍ക്കു പരാതിയുണ്ട്.