ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യ 12നു നടക്കും. 52 പള്ളിയോടങ്ങളില്‍ എത്തുന്നവര്‍ ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം ആളുകള്‍ അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കും. നായര്‍ സർവീസ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ രാവിലെ 11 ന് ക്ഷേത്രകൊടിമരച്ചുവട്ടില് ഭദ്രദീപം കൊളുത്തി അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനം ചെയ്യും.
350 പറ അരിയുടെ ചോറും വിഭവങ്ങളുമാണ് തയാറാക്കുന്നത്. വള്ളസദ്യക്കാവശ്യമായ വിഭവങ്ങള്‍ 52 കരകളില്‍ നിന്നും ശേഖരിക്കുന്നതിന് വള്ളസദ്യ കണ്‍വീനര്‍ വി.വിശ്വനാഥപിള്ളയുടെ നേതൃത്വത്തില്‍ മൂന്നു മേഖലകളിലും മേഖലാ കണ്‍വീനര്‍മാര്‍ ഒന്പതിനു രാവിലെ കരകളിലെത്തി വിഭവ സമാഹരണം നടത്തും. ഭക്ത ജനങ്ങള്‍ക്ക് ക്ഷേത്രത്തിലും പാഞ്ചജന്യം ഓഫീസിലും അരി, പച്ചക്കറി ഉള്‍പ്പെടെ വിഭവങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് പള്ളിയോട സേവാസംഘം അഷ്ടമിരോഹിണി കൂപ്പണുകള്‍ തയാറാക്കിയിട്ടുണ്ട്. ഒരു പള്ളിയോടത്തിന് അഷ്ടമിരോഹിണി വള്ളസദ്യ നടത്തുന്നതിന് 15000 രൂപയാണ്. ഇതു കൂടാതെ 1000, 2000, 5000 രൂപയുടെ കൂപ്പണുകളും ആറന്മുള ക്ഷേത്രത്തിലും പാഞ്ചജന്യം ഓഡിറ്റോറിയത്തിലും ലഭിക്കും. 1000 രൂപയുടെ കൂപ്പണ്‍ എടുക്കുന്നവര്‍ക്ക് ഒരു സദ്യകൂപ്പണ് വീതം ലഭിക്കും.
പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ 300 ല്‍പരം പാചകക്കാരാണ് വള്ളസദ്യ തയാറാക്കുന്നത്. 10ന് രാവിലെ 10.40നും 11.10നും മധ്യേ അഷ്ടമിരോഹിണി വള്ളസദ്യക്കായി ക്ഷേത്ര അടുപ്പില്‍ അഗ്നി പകരും. ആറന്മുള സദ്യക്കുള്ള ചേനപ്പാടി കരക്കാരുടെ ആചാരപരമായ പാളതൈര് സമര്‍പ്പണം പത്തിനു രാവിലെ 11നു നടക്കും.