ആറന്മുള: വള്ളസദ്യ വഴിപാട് കാലത്തിന്റെ രണ്ടാം ദിനത്തിൽ സുരേഷ് ഗോപി എംപി എത്തി. ഇന്നലെ രാവിലെ മുതൽ പമ്പയിലെ ഉയർന്ന ജലനിരപ്പ് ആശങ്ക ഉയർത്തിയിരുന്നു. മാരാമൺ പള്ളിയോടത്തിന് മാത്രമാണ് വള്ളസദ്യ ഉണ്ടായിരുന്നത്.
പൈതൃക ശില്പത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനെത്തിയ സുരേഷ് ഗോപി എംപി മാരാമൺ കരയുടെ ക്ഷണപ്രകാരം വള്ളസദ്യയിൽ പങ്കുകൊണ്ടപ്പോൾ വള്ളസദ്യ പാട്ടിലൂടെ പാടിച്ചോദിച്ച പാളത്തൊപ്പിയും വട മാലയും സുരേഷ് ഗോപിക്കു ലഭിച്ചു. വള്ളസദ്യ പ്പാട്ടിൽ അനൗദ്യോഗിക ഇനമാണ് പാളത്തൊപ്പിയും രാമച്ച വിശറിയുമൊക്കെ.
ഇത് സദ്യയിൽ പങ്കെടുക്കുന്ന കരക്കാർ പാട്ടിലുടെ ആവശ്യപ്പെടുന്നയാളിന്റെ തലയിൽ ധരിപ്പിക്കുന്ന പതിവുണ്ട്.
കാർഷിക സംസ്കാരത്തിന്റെ പ്രതീകമെന്ന നിലയിലാണ് പാളത്തൊപ്പി ചോദിക്കുന്നത്. എന്തായാലും കരക്കാരുടെയും വഴിപാടുകാരുടെയും സന്തോഷത്തിൽ ഏറെ നേരം പാളത്തൊപ്പി ധരിച്ച് വള്ളസദ്യയിൽ പങ്കെടുത്താണ് സുരേഷ് ഗോപി മടങ്ങിയത്.