ആലുവ: അഞ്ചു വയസുകാരിയായി ജനസേവ ശിശുഭവനിലെത്തിയ ആരതി മണവാട്ടിയായി പടിയറങ്ങുന്നു. ജനസേവയുടെ ആരതി ഇനി കോഴിക്കോടുകാരൻ ജിതിനു സ്വന്തം.
ജനസേവയിൽ മോതിരമാറ്റം കഴിഞ്ഞ ഇവരുടെ വിവാഹം ഈ മാസം 23നാണ്. 2002ലാണ് അഞ്ചു വയസുള്ള ആരതി ജനസേവയിൽ അതിഥിയായി എത്തുന്നത്.
ഇപ്പോൾ കോൽക്കത്ത അപ്പോളോ ആശുപത്രിയിലെ നഴ്സാണ്. എറണാകുളം ലിസി ആശുപത്രിയുടെ കീഴിലായിരുന്നു നഴ്സിംഗ് പഠനം. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ജിതിൻ ഡെന്റൽ ടെക്നീഷ്യനാണ്.
മാതാപിതാക്കൾ നഷ്ടപ്പെട്ടതിനെ തുടർന്ന് ബന്ധുവായ സ്ത്രീയാണ് ആരതിയെ ജനസേവ ശിശുഭവൻ സ്ഥാപകനായ ജോസ് മാവേലിയെ സംരക്ഷണത്തിനായി ഏല്പിച്ചത്.
പഠനത്തിൽ മിടുക്കിയായിരുന്നു ആരതിമോൾ. പിന്നീട് ആരതിയെ തേടി ബന്ധുക്കളാരും ജനസേവയിൽ എത്തിയിരുന്നില്ലെങ്കിലും പഠനം തുടരുകയായിരുന്നു.
ജിതിന്റെ മാതാപിതാക്കൾ ഇറ്റലിയിൽ ഉദ്യോഗസ്ഥരാണ്. വിവാഹശേഷം ഇറ്റലിയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം.
ജനസേവയുടെ തണലിൽ വളർന്ന് മണവാട്ടിയാകുന്ന പതിനാലാമത്തെ പെൺകുട്ടിയാണ് ആരതിയെന്ന് ജനസേവ ചെയർമാൻ ജോസ് മാവേലി രാഷ്ട്രദീപികയോട് പറഞ്ഞു.