– വി. ശ്രീകാന്ത്
ആറാട്ടണ്ണൻ (സന്തോഷ് വർക്കി) വായ് തുറന്നാൽ സംഗതി വൈറലാണ്.അണ്ണൻ കഴിഞ്ഞദിവസം എറണാകുളം ലുലു മാളിൽ സിനിമ കാണാൻ പോയി അവിടെ അഭിപ്രായം പറഞ്ഞ ശേഷം ഓണ്‍ലൈൻ മാധ്യമങ്ങളെ സന്തോഷിപ്പിക്കാൻ മറ്റൊരു തിയറ്ററിൽ വന്ന് അഭിപ്രായം പറഞ്ഞതോടെ ആകെ മൊത്തം പുകിലായി.
ചിലർക്ക് പുള്ളി അഭിപ്രായം പറഞ്ഞത് അത്ര ബോധിച്ചില്ല. അതിപ്പോൾ ഫാൻസുകാരാണോ, സിനിമ കാണാൻ വന്ന സാധാരണക്കാരാണോ, അതോ സംഘടിതമായിട്ടുള്ള പരിപാടിയാണോയെന്ന സംശയം അതുപോലെതന്നെ നിലനിൽക്കുന്നു.
സംഗതി വഷളാകും എന്ന് കണ്ടതോടെ ആറാട്ടണ്ണൻ വിവാദങ്ങൾക്ക് താനില്ലായെന്ന മട്ടിൽ അവിടെനിന്നു സ്ഥലംവിട്ടു. ശരിക്കും ഈക്കൂട്ടർ ഭയക്കുന്നത് ആറാട്ടണ്ണനെയോ അതോ അഭിപ്രായങ്ങളെയോ…
ഒരാഴ്ചയെങ്കിലും….
ഒരു വർഷവും ആറുമാസവുമെല്ലാം സിനിമ ഓടി ആ വിജയം വൻ ആഘോഷമാക്കി മാറ്റിയിരുന്ന കാലത്തുനിന്ന് ഒരാഴ്ചയെങ്കിലും സിനിമ ഓടണേ എന്ന അവസ്ഥയിലേക്ക് സിനിമ മേഖല വന്നെത്തിയിരിക്കുന്ന കാലത്ത് അഭിപ്രായങ്ങളെ സിനിമാക്കാർ ഭയന്നില്ലെങ്കിലെ അത്ഭുതമുള്ളു.
അപ്പോഴാണ് സിനിമ ഇറങ്ങിയ അന്നുതന്നെ അഭിപ്രായ പ്രകടനംകൊണ്ട ് ഒരാൾ ശ്രദ്ധാകേന്ദ്രമാകുന്നത്. ഓണ്‍ലൈൻ മാധ്യമങ്ങൾ കുമിഞ്ഞ് കൂടിയ കാലത്ത് ക്ഷാമം എന്തിനാണെന്ന് ചോദിച്ചാൽ അത് വിഷയങ്ങൾക്കാണെന്ന്് പറയേണ്ടി വരും.
അവിടെയാണ് അവരുടെ സ്ഥിരം ഇരയായ സന്തോഷ് വർക്കി താരമായി മാറുന്നത്. ഒരു വിശേഷവും ഇല്ലെങ്കിലും പുള്ളിയുടെ മുന്നിൽ മൈക്ക് കൊണ്ട ് വെച്ചാൽ അന്നത്തേക്കുള്ള അന്നം കിട്ടുമെന്ന് ഓണ്‍ലൈൻ മാധ്യമങ്ങൾക്ക് കൃത്യമായി അറിയാം.
വിലക്ക് അകത്തെങ്കിൽ പുറത്ത് ആറാടും
അഭിപ്രായം പറയുന്നതിന് തിയറ്ററിന് അകത്ത് വിലക്കിയാൽ പുറത്ത് വന്ന് അഭിപ്രായം പറയുമെന്ന്് ആറാട്ടണ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിൻ പ്രകാരമാണ് കക്ഷി മറ്റൊരു തിയറ്ററിൽ സിനിമ കണ്ട ിട്ട് ഓണ്‍ലൈൻ മാധ്യമങ്ങൾ കൂടുന്ന തിയറ്ററിന് മുന്നിലെത്തി അഭിപ്രായം പറഞ്ഞത്.
അഭിനേതാക്കൾ സൂപ്പറെന്ന് കേട്ടപ്പോൾ മിണ്ടാതിരുന്ന ചിലർ കഥ ക്ലീഷേയാണെന്ന്് പറഞ്ഞതോടെ പ്രകോപിതരായി. നെഗറ്റീവ് പറഞ്ഞാൽ പൊള്ളുന്ന കാലത്തിലൂടെയാണ് സിനിമ ആസ്വാദകരുടെ പോക്കെന്ന് ഈ ഒരു ഒറ്റ സംഭവത്തിലൂടെ മനസിലാക്കാം.
തിയറ്ററിന് മുന്നിൽ നിന്നു പോയ ആറാട്ടണ്ണനെ തേടി ഓണ്‍ലൈൻ മാധ്യമങ്ങൾ വീട്ടിലെത്തി അഭിപ്രായമെടുത്തു. കക്ഷി കക്ഷിയുടെ അഭിപ്രായം വീണ്ട ും വെട്ടിത്തുറന്ന് പറഞ്ഞ് തന്റെ അഭിപ്രായ ആറാട്ട് തുടർന്നു.
വായ മൂടികെട്ടാൻ പറ്റ്വോ
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നിലനിൽക്കുന്ന നാട്ടിൽ ആരുടെയും വാ മൂടി കെട്ടാൻ പറ്റില്ല. ഒന്നല്ല ഒരായിരം അഭിപ്രായങ്ങൾ നെഗറ്റീവായി വന്നാലും നല്ല പടങ്ങൾ തിയറ്ററിൽ ഓടുക തന്നെ ചെയ്യും.
ഈ അടുത്തായി നിരൂപണം നടത്തുന്ന വ്ളോഗേഴ്സിനെയും അഭിപ്രായം പറയുന്നവരെയും കടന്നാക്രമിക്കുന്ന പരിപാടി കൂടി വരികയാണ്. ഈ അക്രമികൾ ഫാൻസ് ക്വട്ടേഷൻകാരാണെന്നും പ്രചരിക്കുന്നുണ്ട്.
പ്രത്യേകിച്ച് നെഗറ്റീവായിട്ടൊരു അഭിപ്രായം പറഞ്ഞാൽ അതിപ്പോൾ പറയുന്നത് ആരായാലും അയാൾ പ്രശസ്തനാവുകയും അവരെ പ്രശസ്തരാക്കാൻ താരങ്ങൾതന്നെ മുന്നിട്ടിറങ്ങുന്നതുമായ കാലംകൂടിയാണിത്. ആറാട്ടണ്ണനെ പോലുള്ളവരും കൂടി വരികയാണെന്ന് ഓർക്കുക.