സ്വന്തം ലേഖകൻ
തൃശൂർ: കരുവന്നൂർപുഴയുടേയും ആറാട്ടുപുഴയുടേയും ബണ്ടുകൾ പൊട്ടിയുണ്ടായ പ്രളയം നിയന്ത്രിക്കാൻ താത്കാലിക ബദൽബണ്ടിന്റെ നിർമാണം തുടങ്ങി. സൈന്യവും ആലപ്പുഴ കുട്ടനാട്ടുനിന്നുള്ള വിദഗ്ധരും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണു പണി. യുദ്ധകാലാടിസ്ഥാനത്തിലുള്ള പണി പൂർത്തിയാക്കാൻ പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ അടച്ച് ഇരു പുഴകളിലേയും കുത്തിയൊഴുകുന്ന നീരൊഴുക്കു നിയന്ത്രിച്ചിരിക്കുകയാണ്.
ഇരു ഡാമുകളുടേയും ഷട്ടറുകൾ ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അടച്ചത്. 14 ഇഞ്ചു തുറന്നിരുന്ന പീച്ചിയുടെ ഷട്ടറുകൾ ഇപ്പോൾ രണ്ടിഞ്ചു മാത്രമാണു തുറന്നിരിക്കന്നത്. ചിമ്മിനിയിലും ഇതുതന്നെയാണു സ്ഥിതി. ഇരു ഡാമുകളിൽനിന്നും വെള്ളം തുറന്നുവിടുന്നതു നിർത്തിവച്ചതിനാൽ ഇന്നലെ രാത്രിയോടെ ഇരുപുഴകളിലേയും കുത്തൊഴുക്കു കുറഞ്ഞു. എന്നാൽ ഇരു ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്.
പീച്ചിയിൽ പരമാവധി ശേഷി 79.25 മീറ്ററാണ്. ഡാമിൽ ഇപ്പോൾ 78.69 മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. ചിമ്മിനി ഡാമിൽ ഡാമിലും പരമാവധി ശേഷിയായ 79.4 മീറ്ററിനരികിലാണു ജലനിരപ്പ്. ഇരു ഡാമുകളിലേക്കും മോശമല്ലാത്ത നീരൊഴുക്കുണ്ട്. ഡാം വൈകാതെത്തന്നെ തുറന്നുവിടേണ്ടിവരും.
ആദ്യം ആറാട്ടുപുഴയുടെ ബണ്ടാണു കെട്ടുന്നത്. അതിനുശേഷം ഡാമുകളിലെ വെള്ളം വീണ്ടും തുറന്നുവിടും. കരുവന്നൂർ പുഴയുടെ പൊട്ടിയ ഇല്ലിക്കൽ ബണ്ട് ഇതിനുശേഷമാണു കെട്ടുക. ബണ്ട് പൊട്ടിയ മേഖലയിൽ തെങ്ങു മുറിച്ചിട്ട് തടസമുണ്ടാക്കി. കരിങ്കല്ലും മെറ്റൽ ചാക്കുകളും മണൽചാക്കുകളും അടുക്കി നിറച്ച് താത്കാലിക ബണ്ട് നിർമിക്കാനാണു പരിപാടി.
ബണ്ട് പൊട്ടിയതുമൂലം ഇരു പുഴകളിലേയും വെള്ളം ഗ്രാമങ്ങളിലേക്കും തൃശൂർ നഗരത്തിലേക്കും പരന്നൊഴുകിയിരുന്നു. പേമാരിയും പ്രളയവും ഒഴിഞ്ഞിട്ടും തൃശൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും രണ്ടു ദിവസമായി പ്രളയമാകുകയായിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷന്റെ പിറകുവശമായ പൂത്തോൾ, വഞ്ചിക്കുളം, നെടുപുഴ, കൂർക്കഞ്ചേരി മെട്രോ, വരാക്കര, അരണാട്ടുകര, ചേർപ്പ്, താന്ന്യം, ചാഴൂർ, അരണാട്ടുകര, ലാലൂർ, മനക്കൊടി, ചേറ്റുപുഴ, പുല്ലഴി, ഏനാമ്മാവ്, മുല്ലശേരി തുടങ്ങിയ മേഖലകളിലെല്ലാം ഒരാൾ ഉയരത്തിൽ വെള്ളം കയറി.
കരുവന്നൂർ പുഴയിൽനിന്നു കൃഷി ആവശ്യത്തിനു വെള്ളം തുറന്നുവിടുന്ന കനാലിനോടനുബന്ധിച്ചുള്ള ഇല്ലിക്കൽ ബണ്ട് വെള്ളിയാഴ്ച രാവിലെ പൊട്ടിയതോടെയാണു സ്ഥിതിഗതികൾ വഷളായത്. ഇതിനു പിറകേ, ആറാട്ടുപുഴയിലെ മന്ദാരംകടവിനടുത്തുള്ള ബണ്ടും പൊട്ടുകയായിരുന്നു. രണ്ടു പുഴകളിൽനിന്നുമുള്ള വെള്ളം കുത്തിയൊലിച്ചു.