തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്നതിന് മുന്നോടിയായുള്ള തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് സ്വർണ ശോഭ പകരാൻ തമിഴ്നാടിന്റെ തീർത്ഥാടക നന്മയുമായി മൂന്നാം വർഷവും പതിവുപോലെ അവരെത്തി.
സേലത്ത് നിന്ന് ബിസനസുകാരാനായ പാർത്ഥസാരഥിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ, അധ്യാപകർ, വ്യവസായികൾ, സർക്കാർ ജീവനക്കാർ, സർക്കാർ സർവിസിൽ നിന്ന് വിരമിച്ചവരുൾപ്പടെ 26 പേരുള്ള സംഘമാണ് വന്നത്.
ഇനി രണ്ട് നാൾ തമിഴ് നന്മപോലെ തൃപ്രയാർ ക്ഷേത്രത്തിലിവർ സമർപ്പണമായി സൗജന്യ സേവന നടത്തും.
ക്ഷേത്രത്തിന് ചുറ്റുമുള്ള വിളക്ക് മാടങ്ങൾ, ദീപസ്തംഭങ്ങൾ, വിവിധ തരത്തിലുള്ള വിളക്കുകൾ, കലശക്കുടങ്ങൾ, ആലിലവിളക്ക്, കുത്ത് വിളക്കുകൾ, പറകൾ എന്നിവയെല്ലാം വൃത്തിയാക്കി സ്വർണ ശോഭയാക്കും. ചുറ്റന്പല നടവഴിയും നടപ്പുരയുമെല്ലാം വൃത്തിയാക്കും.
തൃപ്രയാർ ഷണ്മുഖം സമാജം കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 പുതിയ കൈപ്പന്തങ്ങൾ തയാറാക്കി തുടങ്ങി. ക്ഷേത്രത്തിലെ പൂരം പുറപ്പാട്, തേവരുടെ ഗ്രാമ പ്രദക്ഷിണം, ആറാട്ട് പുഴ പൂരത്തിന്റെ കൂട്ടിയെഴുന്നള്ളിപ്പിനാണ് പുതിയ കൈപ്പന്തങ്ങൾ തെളിയുന്നത്.കഴിഞ്ഞ 20 വർഷമായി ഉപയോഗിച്ചിരുന്ന കൈപ്പന്തങ്ങൾക്ക് പകരമായി പുതിയ കൈപ്പന്തങ്ങൾ ഉപയോഗിക്കും. തൃപ്രയാർ ആനപ്പറന്പിലെ ജലാശയവും ഇന്നലെ ശുചീകരിച്ചിട്ടുണ്ട്.