ബഹുമാനപ്പെട്ട ജഡ്ജി സാര്‍ അറിയുന്നതിന്….പള്ളുരുത്തി -പെരുമ്പടപ്പ് റോഡിലാണ് എന്റെ വീട്. സ്കൂളിലേക്കുള്ള റോഡ് മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. വീട്ടുകാരും നാട്ടുകാരും ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും റോഡ് നന്നാക്കിയില്ല… പെരുമ്പടപ്പ് സെന്റ് ജൂലിയാനാസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ആരവ് എം. കമ്മത്ത് സ്വന്തം കൈപ്പടയിലെഴുതി കോടതിക്കു നല്കിയ കത്തിലെ വരികളാണിത്.
ഈ കത്തിന്റെ അടിസ്ഥാനത്തില്‍ പള്ളുരുത്തി -പെരുമ്പടപ്പ് റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വീടിനു മുന്നിലെ റോഡിലുള്ള വലിയ കുഴി ചൂണ്ടിക്കാട്ടി ആരവ് എഴുതിയ കത്താണ് ഹൈക്കോടതിയുടെ ഇടപെടല്‍ സാധ്യമാക്കിയത്.
പുതിയ തലമുറയും പ്രതികരണവുമായി മുന്നോട്ടുവരുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് എത്രയും വേഗം ഈ റോഡ് നന്നാക്കാന്‍ ഉത്തരവിട്ടത്. ആരവ് എം. കമ്മത്ത് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ഹര്‍ജിയുടെ ഭാഗമായി രേഖയാക്കാനും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.
വീടിനു മുന്നില്‍ ഒരു വലിയ കുഴിയുണ്ടായിട്ട് മാസങ്ങളായെന്ന് പറയുന്ന കത്ത് ഇങ്ങനെ തുടരുന്നു: ഓരോ തവണ റോഡ് നന്നാക്കാന്‍ ആവശ്യപ്പെടുമ്പോഴും കുഴികളില്‍ കല്ലുകളും മെറ്റല്‍പൊടിയും നിറച്ചിട്ടുപോകും. ഇപ്പോള്‍ കുഴി വലുതായി. പൊടിശല്യം രൂക്ഷവും. രാത്രിയില്‍ ഈ കുഴിയില്‍ വീഴുന്ന ബൈക്കുകാരുടെ എണ്ണം കൂടി വരുന്നു.
ഞങ്ങള്‍ സ്കൂളില്‍ പോകുന്ന ഓട്ടോറിക്ഷ ഓരോതവണ ഈ കുഴിയില്‍ വീഴുമ്പോഴും എനിക്കും കൂടെയുള്ള ചേട്ടന്മാര്ക്കും ചേച്ചിമാര്‍ക്കും പേടിയാണ്. പൊടിശല്യം കാരണം വീടിനടുത്തുള്ള നഴ്സറിയിലെ കുഞ്ഞനുജന്മാര്ക്കും അനുജത്തിമാര്‍ക്കും ബുദ്ധിമുട്ടാണ്.
എനിക്കും കുഞ്ഞനുജന്മാര്ക്കും അനുജത്തിമാര്‍ക്കും പൊടിശല്യം ഉണ്ടാകാതിരിക്കാനും ഞങ്ങള്‍ക്ക് പേടി കൂടാതെ സ്കൂളില്‍ പോകാനും ബൈക്ക് യാത്രക്കാര്‍ക്ക് അപകടം കൂടാതെ ജോലിക്കു പോയി തിരിച്ചു വീട്ടില്‍ എത്തിച്ചേരാനും ജഡ്ജി അങ്കിള്‍ ഇടപെട്ട് റോഡ് നല്ല രീതിയില്‍ നന്നാക്കിത്തരാന്‍ അഭ്യര്‍ഥിക്കുന്നു. സ്നേഹത്തോടെ, ആരവ് എം. കമ്മത്ത്.
കുട്ടികള്‍ പറയുന്നത് കേള്‍ക്കാതിരിക്കാനാവില്ലെന്നു വ്യക്തമാക്കിയാണ് കോടതിയുടെ ഉത്തരവ്.