സുനറ്റ്. കെ. വൈ
പത്തനാപുരം: കൊറോണ മൂലം പഠനം മുടങ്ങിയ സഹപാഠികള്‍ക്ക് കൈത്താങ്ങാകുകയാണ് ഈ കൊച്ചുമിടുക്കി. പുനലൂര്‍ ഗേള്‍സ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍ദ്ര എസ്.നായരാണ് ഗണിതപഠനം ആയാസരഹിതമാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ കൂട്ടുകാര്‍ക്ക് തുണയാകുന്നത്.
ആര്‍ദ്രയുടെ എട്ടാം ക്ലാസ് പരീക്ഷയ്ക്കിടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് അധ്യയനം നിര്‍ത്തിവയ്ക്കുന്നത്. വെക്കേഷന് നേരത്തെ എത്തിയതോടെ ഒന്‍പതാം ക്ലാസിലെ പഠനം വീട്ടിലിരുന്ന് ആരംഭിക്കാമെന്ന് തോന്നി. വിവരം മാതാപിതാക്കളോട് പങ്ക് വച്ചു.
മകളുടെ പഠനസഹായത്തിനായി സ്വകാര്യ വിദ്യാഭ്യാസ ആപുകളുടെ പിന്തുണ തേടാനായി അന്വേഷിച്ചപ്പോഴാണ് ഇരുപത്തിഅയ്യായിരം മുതല്‍ മുപ്പതിനായിരം രൂപവരെ മുടക്കണമെന്നറിയുന്നത്.
സാമ്പത്തികമായി മാതാപിതാക്കളെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ആര്‍ദ്ര താന്‍ സ്വയം പഠിച്ചുകൊള്ളാമെന്ന വാഗ്ദാനം നല്കി. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍കൂടി അടച്ചിട്ടിരിക്കുന്നതിനാല്‍ സാമ്പത്തികമായും പഠനപിന്നോക്കം നേരിടുന്നതുമായ സഹപാഠികള്‍ക്കുകൂടി ഉതകുന്ന തരത്തില്‍ അറിവുകള്‍ പങ്ക് വയ്ക്കണമെന്ന ആശയമുദിച്ചത്.
അധ്യാപകരായ മാതാപിതാക്കളുടെ സഹായത്തോടെ ഇതിനായി ഒരു യൂ ടൂബ് ചാനലും തുടങ്ങി.സ്കൂളിലെ അധ്യാപകര്‍ക്കും ഈ ആശയത്തോട് നൂറ് ശതമാനം യോജിപ്പ്. പ്രഥമാധ്യാപകന്റേയും മറ്റധ്യാപകരുടെയും നേതൃത്വത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഗ്രൂപ്പും രൂപീകരിച്ചു.
താന്‍ പഠിക്കുന്ന കാര്യങ്ങള്‍ അധ്യാപനശൈലിയില്‍ വീഡിയോ ചെയ്ത് ഗ്രൂപ്പിലിട്ടു. ഒപ്പം യൂ ടൂബിലും പോസ്റ്റ് ചെയ്തു. ഗണിതാധ്യാപിക കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സഹപാഠികളും ഗണിതപഠനം ആവേശത്തോടെ ഏറ്റെടുത്തു. ചാനലിനും നല്ല പിന്തുണ കിട്ടിത്തുടങ്ങി.
അഞ്ചല്‍ അഗസ്ത്യകോട് കുഴിവിള പടിഞ്ഞാറ്റേതില്‍ വീട്ടില്‍ പുനലൂര്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ കെ ബി സുരേഷ് കുമാറിന്റേയും ഇതേ സ്കൂളില്‍ മലയാള അധ്യാപികയായ ദീപാ കെ ചന്ദ്രന്റേയും മകളാണ് ഈ മിടുക്കി.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അക്ഷയ് ആണ് സഹോദരന്. ചിത്രകലയിലും മികവ് പുലര്‍ത്തുന്ന ഈ കൊച്ചുമിടുക്കി കലോത്സവ വേദികളിലും സജീവസാന്നിധ്യമാണ്.