സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുൻകൂർ അനുമതി വാങ്ങാതെയും ആറടി അകലം പാലിക്കാതെയുമുള്ള കൂടിച്ചേരലുകളോ യോഗങ്ങളോ പാടില്ലെന്നു നിർദേശിച്ചു പകർച്ചവ്യാധി ഭേദഗതി വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി.
പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കി. ഒരു വർഷം വരെയോ അല്ലെങ്കിൽ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതു വരെയോ ആണു കാലാവധി.
അധികാരികളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ സമ്മേളനങ്ങൾ, ധർണകൾ, സമരങ്ങൾ, ഘോഷയാത്രകൾ, മറ്റു കൂടിച്ചേരലുകൾ എന്നിവ പാടില്ല. യോഗങ്ങൾ പത്തു പേരിൽ ഒതുക്കി നിർത്തണം.
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പൊതുജന സാന്നിധ്യമുള്ള മറ്റിടങ്ങളിലും വാഹന യാത്രയിലും മൂക്കും വായയും മൂടുന്ന തരത്തിൽ മാസ്ക് ധരിച്ചിരിക്കണം.
വിവാഹച്ചടങ്ങുകളിൽ 50 പേരിൽ കൂടരുത്. സംഘാടകർ സാനിറ്റൈസർ സൗകര്യമൊരുക്കണം. മരണാനന്തര ചടങ്ങുകളിൽ 20 പേരിൽ കൂടരുത്.
കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ഒരു സമയത്ത് പരമാവധി 20 പേരിൽ കൂടുതൽ പാടില്ല. മുറിയുടെ വലിപ്പമനുസരിച്ച് വേണം ആളുകളുടെ എണ്ണം നിശ്ചയിക്കാൻ.
പൊതുസ്ഥലത്തോ റോഡിലോ തുപ്പരുത്.
മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന് കേരളത്തിലെത്തുന്ന എല്ലാവരും കോവിഡ്-19 ഇ-ജാഗ്രതാ പ്ലാറ്റ്ഫോം വഴി മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം.