തിരുവനന്തപുരം: കുശലം പറഞ്ഞും സെൽഫിക്കും ഫോട്ടോയെടുപ്പിനും ഒപ്പം കൂടിയും വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിൽ പ്രതിനിധികളുടെ മനം കവർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളന വേദിയിലാണ് ഗവർണർ ഇതര സംസ്ഥാന മന്ത്രിമാരുടെയും എംഎൽഎമാരുടെയും മനം കവർന്നത്.
ഉച്ചയ്ക്ക് ശില്പശാല നടക്കുന്പോഴെത്തിയ ഗവർണറെ സ്പീക്കർ എം.ബി. രാജേഷ് സ്വീകരിച്ച് സദസ്യരുടെ മുൻ നിരയിലിരുത്തി.
സെഷൻ അവസാനിച്ചതോടെ ഗവർണർക്കൊപ്പം പ്രതിനിധികൾ ഫോട്ടോയെടുക്കാൻ തിരക്കുകൂട്ടി. സമ്മേളന ഹാളിലെ ഫോട്ടോ സെഷൻ അവസാനിപ്പിച്ച് ഭക്ഷണം ഒരുക്കിയിരുന്ന നിയമസഭയിലെ സെല്ലുലാർ ഹാളിലേക്ക് ഗവർണറെ ആനയിച്ചു.
ഗവർണർ ഭക്ഷണം കഴിച്ചശേഷം മറ്റുള്ളവർക്കു വിളന്പാനായിരുന്നു നിർദേശം. പക്ഷ,േ ഗവർണർ ഭക്ഷണം കഴിക്കാനിരുന്നില്ല. അതിനാൽ മറ്റുള്ളവർക്കു ഭക്ഷണം നൽകിതുടങ്ങി.
ഈ സമയം ഗവർണർ ഭക്ഷണം കഴിക്കാനിരുന്ന വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടേയും എംഎൽഎമാരുടേയും സീറ്റിനരികിലേക്ക് തൊഴു കൈയുമായെത്തി പരിചയപ്പെട്ടു.
സംസ്ഥാനത്തെ വിശേഷങ്ങൾ തിരക്കി. ഒപ്പം നിന്ന് ഫോട്ടോയെടുത്തു. ഒറ്റയ്ക്കും കൂട്ടായും നിന്ന് സെൽഫിയെടുത്ത് മുന്നോട്ടു നീങ്ങി.
ആദ്യം കഴിച്ചു തുടങ്ങിയവർ ഭക്ഷണം അവസാനിപ്പിച്ചു വന്നപ്പോഴും ഗവർണർ പരിചയപ്പെടൽ തുടരുകയായിരുന്നു.
മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പം മാത്രമല്ല മറ്റുള്ളവരോടൊപ്പവുംനിന്നു ഫോട്ടോയെടുത്തു. ഒരു മണിക്കൂറിലേറെ സമയം ഫോട്ടോ സെഷനിൽ ചെലവഴിച്ചശേഷമാണ് ഗവർണർ സ്പീക്കറോടൊപ്പം ഭക്ഷണം കഴിക്കാനിരുന്നത്.
നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ 18 സംസ്ഥാനങ്ങളിലെ പ്രതിനിധികളും 200 അംഗ പ്രതിനിധി സംഘവും എത്തി. 92 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരായ നിമിഷ ബെൻ (ഗുജറാത്ത്), പത്മിനി ദിയാഗ് (ഒഡിഷ), ചന്ദ്ര പ്രിയങ്ക (പുതുച്ചേരി), ശശി പഞ്ച (പശ്ചിമ ബംഗാൾ), കേരള ഹൈക്കോതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ, ഡൽഹി ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള തുടങ്ങിയവരും സംസ്ഥാന മന്ത്രിമാരായ വീണാ ജോർജ്, ഡോ.ആർ. ബിന്ദു എന്നിവരും ഇന്നലെ പങ്കെടുത്തു.