ആലപ്പുഴ: രാഷ്്ട്രീയ ഭേദമെന്യേ പൊളിറ്റിക്കൽ ക്രമിനലുകൾ ഉണ്ടെന്ന് മന്ത്രി ജി.സുധാകരൻ നടത്തിയ പരാമർശം തള്ളി എ.എം.ആരീഫ് എം.പി രംഗത്ത്. തനിക്ക് എതിരെ പ്രവർത്തിക്കുന്നത് പൊളിറ്റിക്കൽ ക്രമിനലുകളാണെന്ന് മന്ത്രി ജി.സുധാകരൻ കഴിഞ്ഞ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രമിനലുകൾ ഉള്ളതായി അറിയില്ലെന്ന് ആരിഫ് പ്രതികരിച്ചത്. അങ്ങനെ ഉണ്ടങ്കിൽ അത് ആരാണെങ്കിലും നടപടി എടുക്കാനുളള ശക്തി പാർട്ടിക്കുണ്ട്. രാഷ്ട്രീയ ക്രിമിനലുകൾ സിപിഎമ്മിലുണ്ടെന്ന് ജി.സുധാകരൻ പറഞ്ഞിട്ടില്ല. എന്നാൽ എല്ലാ പാർട്ടികളിലും ഉണ്ടെന്നാണ് പറഞ്ഞതെന്നും ആരീഫ് കൂട്ടിച്ചേർത്തു.
പുതുതലമുറയ്ക്ക് കൂടുതൽ അവസരം നൽകണമെന്ന ഉദ്യോശത്തോടെയാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടി മാനദണ്ഡം വെച്ചത്. കഴിവുള്ള മന്ത്രിമാരെയും എംഎൽഎമാരും ഈ മാനദണ്ഡത്തിൽ സീറ്റ് നൽകാതെ മാറ്റിനിർത്തി. ആരെയും ബോധപൂർവം പാർട്ടി നേതൃത്വം ഒഴിവാക്കിയില്ല. ഇങ്ങനെയുള്ള മാറ്റിയതിന്റെ വിലയിരുത്തൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ പറയാൻ കഴിയൂ.
പുതിയ ആൾക്കാർക്ക് അവസരം ലഭിച്ചാലെ അവരുടെ കഴിവ് തെളിയിക്കാൻ സാധിക്കുകയുള്ളു. അധികാരത്തിൽ എത്തുമ്പോൾ എൽഡിഎഫിന്റെ പ്രകടന പത്രിക നടപ്പാക്കുകയാണ് ജനപ്രതിനിധികൾ ചെയ്യുന്നത്. പ്രകടന പത്രികയിലെ നിർദേശങ്ങൾ നടപ്പാക്കിയതിൽ മുൻപന്തിയിൽ നിന്നവരാണ് സിപിഎം മന്ത്രിമാരെന്ന് ആരീഫ് പ്രതികരിച്ചു.
മുൻ പേഴ്സൺൽ സ്റ്റാഫിന്റെ ഭാര്യയെപറ്റി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിക്ക് പിന്നിൽ മറ്റ് ലക്ഷ്യം ഉണ്ടെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നു.
ജനങ്ങൾക്കു കാര്യങ്ങൾ മനസിലാക്കാൻ എളുപ്പമായി: വി. മുരളീധരൻ
50 വർഷമായി സിപിഎമ്മിൽ പ്രവർത്തിക്കുന്നയാളാണു ജി.സുധാകരൻ. പാർട്ടിയിൽ ക്രമിനലുകളുണ്ടെന്ന സുധാകരന്റെ തുറന്നു പറച്ചിൽ ജനങ്ങൾക്ക് ഇപ്പോഴെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമാക്കുമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ അഭിപ്രായപെട്ടു.