ന്യൂഡല്‍ഹി: ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഹാക്കര്‍ക്ക് തെളിയിക്കാനായിട്ടില്ലെന്നും ആരോഗ്യസേതു സാങ്കേതികവിഭാഗം അറിയിച്ചു.
കോവിഡ് രോഗികളെ നിരീക്ഷിക്കാന്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന് ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കേന്ദ്രം വിശദീകരണം നല്‍കിയത്.
എന്നാല്‍ കേന്ദ്രത്തിന്റെ വിശദീകരണത്തെ റോബര്‍ട്ട് ബാപ്റ്റിസ്റ്റ് തള്ളി. വിവരച്ചോര്‍ച്ച വ്യക്തമാക്കി തരാമെന്ന് ബാപ്റ്റിസ്റ്റ് വെല്ലുവിളിച്ചു. ഒന്നും കാണാന്‍ കഴിയുന്നില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. നമുക്ക് കാണാം. അടുത്ത ദിവസം വീണ്ടും കാണാമെന്ന് റോബര്‍ട്ട് ട്വീറ്റ് ചെയ്തു.
രാജ്യത്തെ ഒമ്പതു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാണെന്നായിരുന്നു റോബര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. ആപ്പിലെ സുരക്ഷ സംബന്ധിച്ച് രാഹുല്‍ ഗാന്ധി പങ്കുവച്ച ആശങ്ക ശരിയാണെന്നും ട്വീറ്റില്‍ റോബര്‍ട്ട് പറഞ്ഞു. വിവരസുരക്ഷയില്‍ ഉത്തരവാദിത്തം ഉണ്ടാകുമെന്നാണ് കേന്ദ്രം അറിയിച്ചത്.
നിയന്ത്രണാധികാരം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയെന്ന ആരോപണം തെറ്റാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് സംവിധാനം. വ്യക്തികളുള്ള സ്ഥലം നിര്‍ബന്ധപൂര്‍വം നിരീക്ഷിക്കുന്നില്ല. കോവിഡ് പ്രതിസന്ധി നേരിടാന്‍ മാത്രമാണ് ആപ്പെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.