ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആരണ്‍ ഫിഞ്ചാണ് ഇപ്പോള്‍ ട്രോളന്മാരുടെ ഇര. ഐപിഎലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഇറങ്ങിയ ഫിഞ്ച് തുടര്‍ച്ചയായി രണ്ടു മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്ക്(ആദ്യ പന്തില്‍ തന്നെ ഔട്ടാകുന്നതിന് പറയുന്നത്) ആയതോടെയാണ് ട്രോളന്മാരുടെ പ്രിയ താരമായത്.
ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഉമേഷ് യാദവാണ് ഫിഞ്ചിനെ വിക്കറ്റിനു മുന്നില്‍ തളച്ചിട്ടത്. രണ്ടാം മല്‍സരത്തിലും ഫിഞ്ച് പുറത്തായത് ഇതേ രീതിയില്‍ത്തന്നെ. പക്ഷേ ബോളര്‍ മാത്രം മാറി. ഇക്കുറി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഇമ്രാന്‍ താഹിറാണ് ഫിഞ്ചിനെ എല്‍ബിയില്‍ കുരുക്കിയത്.
ആരാധകരുടെ സങ്കടമേറുന്നത് ഫിഞ്ച് കളിക്കാന്‍ വരുന്ന സാഹചര്യം അറിയുമ്പോഴാണ്. സീസണിലെ ആദ്യ മല്‍സരം സ്വന്തം കല്യാണം കാരണം ഫിഞ്ചിനു നഷ്ടമായി. കൂട്ടുകാരി അമി ഗ്രിഫ്ത്‌സുമായുള്ള കല്യാണം കഴിഞ്ഞ് അധികം വൈകാതെ ഫിഞ്ച് ടീമിനൊപ്പം ചേരുകയായിരുന്നു.
ഇതിപ്പം രണ്ടു സ്വര്‍ണ മുട്ടകളുടെയും പേരുദോഷം അമിക്കാണ് വരുന്നത്. ട്രോളന്‍മാര്‍ പണി തുടങ്ങിക്കഴിഞ്ഞു. രണ്ടാമത്തെ അസുഖകരമായ റെക്കോര്‍ഡ് ഫിഞ്ച് ഐപിഎല്ലിലെ തന്റെ ഏഴാമത്തെ ഫ്രാഞ്ചൈസിക്കൊപ്പമാണ് കളിക്കുന്നതെന്നതാണ്.
രാജസ്ഥാന്‍ റോയല്‍സ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, പുണെ വാരിയേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകളുടെയെല്ലാം ജഴ്സികള്‍ ഫിഞ്ചിന്റെ കൈയിലുണ്ട്. കളിച്ച ടീമുകളുടെ എണ്ണം ചോദിക്കുന്നത് ഫിഞ്ചിനും അത്ര താല്‍പര്യമുള്ള വിഷയമല്ല. ഏഴില്‍ രണ്ടെങ്കിലും കുറയ്ക്കണമെന്നാണ് ഫിഞ്ചിന്റെ ആവശ്യം. രാജസ്ഥാനു വേണ്ടി കളിച്ചത് സീസണിലെ അവസാന കളിയിലായിരുന്നു. ഏതോ താരത്തിനു പകരക്കാരനായാണ് ടീമിനൊപ്പം ചേര്‍ന്നത്.
പിന്നീട് പുണെ വാരിയേഴ്സിന്റെ നായകനായിരുന്നു ഫിഞ്ച്. ടീം നിലവിലില്ലാത്തതിനാല്‍ അതും എണ്ണത്തില്‍ കൂട്ടരുതെന്നു ഫിഞ്ച് പറയും. രണ്ടു സ്വര്‍ണമുട്ടകള്‍ ഫിഞ്ചിന്റെ ഈ സീസണിലെ ഭാവിക്കു വരെ പ്രശ്നമായേക്കാം. അടുത്ത കളിയില്‍ ഇറക്കാതിരിക്കാനുള്ള സാധ്യത കൂടുതലാണ്.
ഫിഞ്ചിനെ കളിയാക്കാമെങ്കിലും അദ്ദേഹം പുറത്തായ രണ്ടു പന്തുകളും അസാധ്യങ്ങളായിരുന്നു. എന്തായാലും വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ മോശം കളിയ്ക്ക് കാരണം വിവാഹം കഴിച്ചതാണെന്ന രീതിയിലുള്ള കമന്റുകളാണ് ഫാന്‍പേജുകളില്‍ നിറയുന്നത്.