അക്ഷരനഗരിയിൽ നിന്നു പിറന്ന ആരും പറയാത്ത ഒരു സിനിമാക്കഥ എന്ന ഹ്രസ്വചിത്രം വ്യത്യസ്തത കൊണ്ടു യുട്യൂബിൽ തരംഗമായി മാറുന്നു.
ഒരു മുറിയിൽ നടക്കുന്ന ഒരു സംഭവമാണ് ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഒരാൾ മാത്രമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത.
സതീഷ് തര്യൻ തന്റെ ജീവിതാനുഭവത്തിൽ നിന്ന് കണ്ടെത്തിയതാണ് ഇതിന്റെ കഥ. കഥയും തിരക്കഥയും സംഭാഷണവും എഴുതിയതിനൊപ്പം എകകഥാപാത്രമായി അഭിനയിച്ചിരിക്കുന്നതും സതീഷ് തന്നെയാണ്.
നിരവധി ഹ്രസ്വചിത്രങ്ങളും ആൽബങ്ങളും സംവിധാനം ചെയ്തിട്ടുള്ള അഭിനേതാവ് കൂടിയായ സിങ്കൽ തന്മയ ആണ് ആരും പറയാത്ത ഒരു സിനിമാക്കഥ സംവിധാനം ചെയ്തിരിക്കുന്നത്.
സിനിമയെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന എല്ലാവർക്കുമായാണ് ഈ കൊച്ചുസിനിമ സമർപ്പിച്ചിരിക്കുന്നത്. 22 മിനിറ്റ് പ്രേക്ഷകഹൃദയങ്ങളെ അവരുടെ ജീവിതവുമായി ബന്ധപ്പെടുത്തി, ഇതു തന്റെയും കൂടി ജീവിതമാണെന്നു ഹ്രസ്വചിത്രം കണ്ടവർ അഭിപ്രായം പറയുകയും കൂടി ചെയ്തതാണ് ഈ കൊച്ചു സിനിമയുടെ വിജയം. മികച്ച പ്രതികരണമാണ് അണിയറപ്രവർത്തകർക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.