വൈകാതെ പോലീസ് എത്തി. ആരുഷിയെ കൊലപ്പെടുത്തിയതു ഹേംരാജ് ആണെന്ന ആരോപണവുമായി രാജേഷ് പോലീസിനു മുന്നിലെത്തി. വീട്ടിലും പരിസരത്തും അവനെ തെരഞ്ഞു സമയം കളയാതെ ഉടൻ ഹേംരാജിന്റെ നാടായ നേപ്പാളിലേക്കു പോയി അന്വേഷണം നടത്താൻ അയാൾ പോലീസിനെ ഉപദേശിച്ചു. പോലീസിന്റെ നീക്കം ദ്രുതഗതിയിലാക്കാൻ രാജേഷ് അവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
മാതാപിതാക്കൾ ഈ വാദത്തിൽ ഉറച്ചുനിന്നതോടെ പോലീസിന്റെ അന്വേഷണവും ഹേംരാജിനെ ചുറ്റിപ്പറ്റിയായി. അവനെ വീട്ടിലും പരിസരത്തും എങ്ങും കാണാനുമില്ലായിരുന്നു. അതു പോലീസിന്റെയും മറ്റുള്ളവരുടെ സംശയത്തിന് ആക്കം കൂട്ടി.
ഹേംരാജ് ആരുഷിയെ കടന്നുപിടിച്ചു കീഴ്പ്പെടുത്താൻ ശ്രമിക്കുകയും അതിനെ ചെറുത്തപ്പോൾ കഴുത്തുമുറിച്ചു കൊലപ്പെടുത്തുകയും ചെയ്തെന്ന നിഗമനത്തിലേക്കു പോലീസും എത്തി. ഹേംരാജിനെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്കു പോലീസ് 20,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
അടുത്ത കൊലപാതകം
മേയ് 17ന് രാജേഷും നൂപുറും ആരുഷിയുടെ ചിതാഭസ്മവുമായി യാത്രയായി. ചിതാഭസ്മം ഗംഗയിൽ ഒഴുക്കാനായിരുന്നു യാത്ര. അതേസമയം, മരണവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിലെത്തിയിരുന്ന സന്ദർശകരിൽ ചിലർ ടെറസിലേക്കു തുറക്കുന്ന വാതിലിൽ ചോരപ്പാടുകൾ കണ്ടു. പരിഭ്രാന്തിയിലായ ഇവർ ഉടൻ പോലീസിനെ വിളിച്ചു. പോലീസ് എത്തി ആ വാതിൽ പൊളിച്ചു.
നടുക്കുന്ന കാഴ്ചയായിരുന്നു കാത്തിരുന്നത്. ആരുഷിയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഹേംരാജ് കൊല്ലപ്പെട്ട നിലയിൽ. രക്തത്തിൽ കുളിച്ചുകിടക്കുന്ന ഹേംരാജിന്റെ മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നു.
ആരുഷിക്കു പിന്നാലെ വീട്ടിൽ ഹേംരാജിന്റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ കേസ് വലിയ മാധ്യമശ്രദ്ധ നേടി. ഇതോടെ പോലീസ് കൂടുതൽ സജീവമായി. അന്വേഷണം ഹേംരാജിന്റെ സുഹൃത്തുക്കളിലേക്കു തിരിഞ്ഞു.
കൂട്ടുകാരൻ സംശയത്തിൽ
ഹേംരാജിന്റെ ബന്ധുവും തൽവാർ കുടുംബത്തിലെ മുൻ വേലക്കാരനുമായിരുന്ന വിഷ്ണു ഥാപ്പയെ പോലീസ് സംശയിക്കാൻ തുടങ്ങി. പത്തു വർഷത്തോളം തൽവാർ കുടുംബത്തിലെ ജോലിക്കാരനായിരുന്നു വിഷ്ണു. കൂടാതെ തൽവാർ ദമ്പതികളുടെ ആശുപത്രിയിലെ സഹായി കൂടിയായിരുന്നു.
ദീർഘമായ അവധികൾക്കു പോകുമ്പോഴൊക്കെ തന്റെ ബന്ധുക്കളെ ആരെയെങ്കിലും തനിക്കു പകരക്കാരനായി കൊണ്ടുവന്നിട്ടേ വിഷ്ണു പോകാറുള്ളായിരുന്നു. അങ്ങനെ തൽവാർ കുടുംബത്തിനു വിഷ്ണു ഥാപ്പ പരിചയപ്പെടുത്തിയ ആളാണ് ഹേംരാജ്.
സമർഥമായ ഇടപെടലുകളിലൂടെയും പെരുമാറ്റത്തിലൂടെയും ഹേം രാജ് പെട്ടെന്നുതന്നെ വീട്ടുകാരുടെ പ്രീതി പിടിച്ചുപറ്റി. അതോടെ, വിഷ്ണു വേണ്ട ഇനി ഹേംരാജ് മതിയെന്ന നിലപാടിലേക്കു വീട്ടുകാർ എത്തി. തുടർന്നു വിഷ്ണു ഥാപ്പ തിരികെ വന്നപ്പോൾ, തൽവാർ ദമ്പതികൾ അയാൾക്കു ജോലി നിരസിച്ചു. പകരം ഹേംരാജ് തന്നെ തുടർന്നാൽ മതിയെന്നു പറഞ്ഞു.
ഇതിലുള്ള പക ആയിരിക്കാം കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു പോലീസിന്റെ സംശയം. എന്നാൽ, വിഷ്ണുവിനെ കേസുമായി ബന്ധപ്പിക്കാനുള്ള തെളിവുകളൊന്നും പോലീസിനു കണ്ടെത്താനായില്ല.
സംശയനിഴലിൽ ദന്പതികളും
ഇതിനിടെ, ഇരട്ടക്കൊലക്കേസിൽ ആരുഷിയുടെ മാതാപിതാക്കളുടെ പല നിലപാടുകളെയും ചോദ്യം ചെയ്തു മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നു. മാതാപിതാക്കളുടെ വാക്കുകളെ അതേപടി വിശ്വസിക്കേണ്ട എന്ന നിലപാടിലേക്കു ഇതിനകം പോലീസും എത്തിയിരുന്നു.
അവർ കൊലപാതകം നടന്ന വീട്ടിൽ കൂടുതൽ പരിശോധനകൾ നടത്തി. ആരുഷിയുടെ മാതാപിതാക്കളുടെയും മുറികൾ തമ്മിലുള്ള അകലം പോലീസ് പ്രത്യേകം ശ്രദ്ധിച്ചു.
ഇരു മുറികളും വളരെ അടുത്തായിരുന്നെങ്കിലും ആരുഷിയുടെ മുറിയിൽനിന്നു തങ്ങൾ യാതൊരു ശബ്ദവും കേട്ടില്ല എന്നുള്ള ദമ്പതികളുടെ മൊഴി അത്ര വിശ്വാസ്യതയുള്ളതായി പോലീസിനു തോന്നിയില്ല.
രാജേഷിന്റെയും നൂപുറിന്റെയും കിടപ്പുമുറിയിലുള്ള എയർ കണ്ടീഷണർ രാത്രി മുഴുവൻ പ്രവർത്തിക്കുകയായിരുന്നു, കൂടാതെ മുറിയുടെ വാതിൽ അടച്ചിരുന്നു. ഇക്കാരണങ്ങൾകൊണ്ട് ആരുഷിയുടെ മുറിയിൽനിന്നുമുള്ള യാതൊരു ശബ്ദവും തങ്ങൾ കേട്ടില്ല എന്നായിരുന്നു ഇവരുടെ മൊഴി.
ആരുഷിയുടെ തൊണ്ടയ്ക്കു ചെറുതായ അസുഖം ഉണ്ടായിരുന്നതുകൊണ്ട്, അവൾക്ക് ഉറക്കെ നിലവിളിക്കാൻ കഴിഞ്ഞിരിക്കില്ല എന്നും മാതാപിതാക്കൾ സൂചിപ്പിച്ചു.
(തുടരും).