വടക്കഞ്ചേരി: വാടകകുടിശിക നല്കാത്തതിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണ കന്പനിക്കായി വാടകയ്ക്ക് ഓടുന്ന വാഹനങ്ങളുടെ ഉടമകളും ഡ്രൈവർമാരും ചേർന്നു ചുവട്ടുപാടത്തുള്ള കരാർ കന്പനിയുടെ ഓഫീസ് ബലമായി പൂട്ടിയിട്ടു. ഇതേതുടർന്നു ആറുവരിപ്പാത നിർമാണം വീണ്ടും നിലച്ചു.
ഇന്നലെ രാവിലെയാണ് നാല്പതോളം വാഹന ഉടമകൾ സംഘടിച്ച് ഓഫീസിലെ ജീവനക്കാരെ പുറത്താക്കി ഓഫീസ് പൂട്ടി കുത്തിയിരിപ്പുസമരം നടത്തിയത്. വാടക കുടിശിക സംബന്ധിച്ച് ഇന്നു തീരുമാനം ഉണ്ടാക്കാമെന്ന് പ്രോജക്ട് മാനേജർ സതീഷ് റെഡ്ഡി പറഞ്ഞെങ്കിലും പലതവണ ഇത്തരത്തിൽ കാലാവധിപറഞ്ഞ് തങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് കരാർ കന്പനി സ്വീകരിക്കുന്നതെന്ന് ഉടമകൾ പറഞ്ഞു.
നാലുമാസത്തെ വാടകകുടിശികയാണ് നല്കാനുള്ളത്. ഒരു ലക്ഷത്തിൽ കൂടുതൽ വാടക തുക ഓരോ വാഹനഉടമകൾക്കും ലഭിക്കാനുണ്ട്.ഓഫീസിലെ ജനറേറ്ററും സമരക്കാർ ഓഫാക്കി. ഇതുമൂലം കംപ്യൂട്ടർ ശൃംഖലയും നിലച്ചു. കന്പനിയുടെ ഹൈദരാബാദിലെ ഹെഡ് ഓഫീസുമായുള്ള ബന്ധവും ഇതോടെ ഇല്ലാതായി. പന്നിയങ്കര, ഹോട്ടൽ ഡയാന, കുതിരാൻ എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ പ്രവർത്തനവും സമരക്കാർ തടസപ്പെടുത്തി.
ഓഫീസിലേക്കുള്ള വഴിയിൽ വാഹനങ്ങൾ കുറുകേയിട്ടു റോഡും തടഞ്ഞിട്ടുണ്ട്. കിഴക്കഞ്ചേരിയിൽനിന്നും ഹൈവേയിലേക്ക് മണ്ണുകൊണ്ടുവന്നിരുന്ന ലോറികളും ഓടുന്നില്ല. ഈമാസം 12ന് മുന്പ് വാടക കുടിശികയെല്ലാം തീർക്കുമെന്നായിരുന്നു കഴിഞ്ഞമാസം വാഹനഉടമകൾക്ക് കരാർ കന്പനി ഉറപ്പുനല്കിയിരുന്നത്.
12നും 13നും പണം കിട്ടാതായതോടെയാണ് ഇന്നലെ വീണ്ടും വാഹന ഉടമകൾ സമരത്തിനിറങ്ങിയത്. കുടിശിക തുക പൂർണമായും ലഭിക്കുംവരെ സമരം തുടരുമെന്നും ഇനി ചർച്ചയ്ക്കില്ലെന്നുമുള്ള നിലപാടിലുമാണ് വാഹനഉടമകൾ.
അതേസമയം കരാർ കന്പനി ഇപ്പോഴും കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്.
ഇരുന്നൂറോളം ജീവനക്കാർക്കും തൊഴിലാളികൾക്കും നാലുമാസത്തെ ശന്പളം നല്കാനുണ്ട്. കുതിരാനിൽ തുരങ്കപ്പാത നിർമാണം നടത്തുന്ന പ്രഗതി ഗ്രൂപ്പിന് പണം നല്കാത്തതിനാൽ മൂന്നാഴ്ചയായി തുരങ്കപ്പാതകളുടെ നിർമാണം നിലച്ചിരിക്കുകയാണ്. ആദ്യതുരങ്കത്തിൽ പൊടി ക്ലീൻ ചെയ്യുന്ന പണി മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
കരാർ കന്പനിയുടെ സാന്പത്തിക പ്രതിസന്ധി തുരങ്കപ്പാത തുറക്കുന്നതും വൈകിപ്പിക്കും. ഒരു തുരങ്കപ്പാതയെങ്കിലും തുറക്കാതെ ടോൾപിരിവ് ആരംഭിക്കാനും കരാർ കന്പനിയായ കെഎംസിക്ക് കഴിയില്ല.