കെട്ടിപ്പിടിക്കലും ഉമ്മവയ്ക്കലും അതിരുകടക്കുന്നു, പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുന്നു! നടന്‍ ആര്യയ്ക്കും അവതാരക സംഗീതയ്ക്കും എതിരെ കേസ്

ഭാവിവധുവിനെ കണ്ടെത്താനായി നടന്‍ ആര്യ നടത്തുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ഇതിനോടകം തന്നെ വിവാദമായിരുന്നു. ഒരുതരത്തിലും അംഗീകരിക്കാനാവാത്ത പ്രവര്‍ത്തിയാണ് ആര്യയുടെ ഈ റിയാലിറ്റി ഷോയെന്നും സമൂഹത്തെ തന്നെ ഇത് ദോഷകരമായി ബാധിക്കുമെന്നും വിമര്‍ശനമുന്നയിച്ച് പലരും രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആര്യയുടെ ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന ഷോയ്ക്കെതിരെ കേസും ആയിരിക്കുന്നു. പെണ്‍കുട്ടികളെ മോശമാക്കി കാണിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി.

ആര്യയ്ക്കും പരിപാടിയുടെ അവതാരക നടി സംഗീതയ്ക്കും എതിരെ കേസെടുക്കണമെന്നും ഷോ നിരോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. പരാതി നല്‍കിയത് ആരാണെന്നത് പുറത്തുവിട്ടിട്ടില്ല. കളേഴ്സ് ടിവിയുടെ തമിഴ് ചാനലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.

സ്ത്രീകള്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ വിജയിച്ചു നില്‍ക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള ഷോകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും പരാതിയില്‍ പറയുന്നു.

ഷോയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ഇങ്ങനെയല്ല ഭാവി വധുവിനെ കണ്ടു പിടിക്കേണ്ടതെന്നും പെണ്‍കുട്ടികളുടെ മനസ്സു വെച്ച് കളിക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

പരിപാടിയുടെ ഭാഗമായി മത്സരാര്‍ഥികളില്‍ ഒരാളുടെ കുംഭകോണത്തെ വീട് സന്ദര്‍ശിക്കാന്‍ പോയ ആര്യക്കെതിരെ അവിടുത്തെ വനിതാസംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രവേശിക്കാനാകാതെ ആര്യയും സംഘവും ചെന്നൈയിലേക്ക് മടങ്ങി.

 

Related posts