ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ കുട്ടികളെ മലപ്പുറം ശിശുക്ഷേമ സമിതിക്ക് കൈമാറും. ശോഭയുടെ മക്കളായ ആര്യൻ, അമൃത എന്നിവരെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറുന്നത്. മുംബൈയില്‍ നിന്ന് കണ്ടെത്തി ഇരിട്ടിയിലെത്തിച്ച കുട്ടികൾ ശിശുക്ഷേമ സമതിയുടെ ഉത്തരവ് പ്രകാരം ഇപ്പോൾ പട്ടുവം ചില്‍ഡ്രന്‍സ് ഹോമിലാണ് കഴിയുന്നത്.
കുട്ടികളുടെ പിതൃസഹോദരി കാവ്യ മലപ്പുറം പാണ്ടിക്കാടാണ് താമസം. കുട്ടികളെ ഇവർ സംരക്ഷിക്കാമെന്ന് ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കാവ്യക്കായില്ല. ഇതേ തുടര്‍ന്ന് കുട്ടികളെ പട്ടുവം ചില്‍ഡ്രന്‍സ് ഹോമിലേക്ക് ശിശുക്ഷേമ സമിതി മാറ്റുകയായിരുന്നു. ബന്ധുത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് മലപ്പുറം ശിശുക്ഷേമ സമിതിക്ക് കൈമാറിയാൽ ഉടൻ കുട്ടികളെ കാവ്യയ്ക്ക് വിട്ടു നല്‍കാനാണ് തീരുമാനം.
ശോഭയുടെ കൊലപാതകത്തിന് ദൃക്സാക്ഷിയായ മൂത്തമകൻ ആര്യന്റെ മൊഴി ഇതുവരെ തലശേരി സിജെഎം കോടതിയില്‍ രേഖപെടുത്തിയില്ല. ഇതിനുള്ള അപേക്ഷ കേസന്വേഷിക്കുന്ന പേരാവൂര്‍ സിഐ പി. സുനില്‍കുമാര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 15ന് പുലര്‍ച്ചെ തന്റെ മാതാവ് ശോഭയെ കാമുകനും ശോഭയുടെ മാതൃസഹോദരി ഭര്‍ത്താവുമായ മഞ്ജുനാഥ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതാണ് ആറ് വയസുകാരന് ആര്യന് കണ്ടത്. ആര്യനും സഹോദരി അമൃതയും ഉറക്കത്തിലായിരുന്നു.
ബഹളം കേട്ട് ഉണര്‍ന്നപ്പോള്‍ മാതാവ് ശോഭയെ കഴുത്ത് ഞെരിക്കുന്നതും ബോധം നഷ്ടപ്പെട്ടപ്പോള്‍ പുറത്തേക്ക് മഞ്ജുനാഥ് നാടോടികൾ താമസിച്ചിരുന്ന കൂടാരത്തിന് പുറത്തേക്ക് തന്റെ അമ്മയെ എടുത്ത് കൊണ്ടുപോകുന്നത് കണ്ടുവെന്നുമാണ് സുപ്രധാന മൊഴി. സാഹചര്യത്തെളിവ് മാത്രമുള്ള ഈ കേസില്‍ ദൃക്സാക്ഷി മൊഴി കേസ് കോടതിയില്‍ തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയും. ഇതുകൊണ്ടാണ് ആര്യനെകൊണ്ട് മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിക്കുന്നത്.