തിരുവനന്തപുരം: പാളയത്തെ കേരള സർവകലാശാല ആസ്ഥാനത്തിനു മുന്നിലുള്ള ആശാൻ സ്ക്വയറിലെ കുമാരനാശാന്റെ പ്രതിമയ്ക്ക് കോർപറേഷൻ അലുമിനിയം പെയിന്റടിച്ചു. കിളികൾ കാഷ്ഠിച്ച് വൃത്തികേടാകുന്പോൾ അത് അറിയാതിരിക്കാനാണ് അലുമിനിയം പെയിന്റടിച്ചതെന്നാണ് കോർപറേഷന്റെ വിശദീകരണം. പ്രതിമയിലെ മേൽമുണ്ടിൽ കസവ് നിറവും പൂശുന്നുണ്ട്. കാക്ക കാഷ്ഠിച്ചാൽ തിരിച്ചറിയാതിരിക്കാനാണ് അലുമിനിയം പെയിന്റടിച്ചതെന്നാണ് കോർപറേഷന്റെ വിശദീകരണം.
നാലു പതിറ്റാണ്ടായി കുറുപ്പു നിറത്തിലാണ് പാളയത്തെ ആശാൻ പ്രതിമ നിലകൊണ്ടത്. വെള്ളയന്പലത്തെ വയലാർ പ്രതിമയും രക്തസാക്ഷി മണ്ഡപത്തിന് സമീപമുള്ള സ്വദേശാഭിമാനി പ്രതിമയുമെല്ലാം ഇപ്പോഴും കറുപ്പു നിറത്തിൽ തന്നെയാണ് നിലകൊള്ളുന്നത്. അതേസമയം പ്രതിമയുടെ നിറമാറ്റം ജനങ്ങളെയും സാംസ്കാരിക നായകരെയും അന്പരപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിമകൾക്ക് ഇരുണ്ട പച്ചയോ, നീല കലർന്ന കറുപ്പോ നൽകുന്നതാണ് രീതി. പ്രതിമകൾ ദൂരെ നിന്നു തന്നെ കാണുന്നതിനാണ് ഇരുണ്ട നിറങ്ങൾ പൂശുന്നത്. തരംഗദൈർഖ്യം കൂടുതലുള്ള നിറങ്ങൾ ഉപയോഗിച്ചാൽ പകൽ നല്ല വെളിച്ചമുള്ള സമയത്ത് പ്രതിമയിലേക്ക് നോക്കാൻ പോലും കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു.
രണ്ടാഴ്ച മുൻപാണ് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാളയം ആശാൻ സ്ക്വയർ നവീകരണം ആരംഭിച്ചത്. സ്ക്വയർ ചെടികൾ നട്ട് മോടിപിടിപ്പിച്ചു വരികയാണ്. നവീകരിച്ച ആശാൻ സ്ക്വയറിന്റെ ഉദ്ഘാടനം ഉടനുണ്ടാകും.