ബ്രിസ്ബെയ്ൻ: ആഷസ് പരന്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 302 റണ്‍സിനു പുറത്ത്. നാല് വിക്കറ്റ് നഷ്ടത്തിൽ 196 റണ്‍സ് എന്ന നിലയിയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ഇംഗ്ലണ്ട് 302ൽ എല്ലാവരും പുറത്താകുകയായിരുന്നു. ജയിംസ് വിൻസ് (83), മാർക്ക് സ്റ്റോണ്‍മാൻ (53), ഡേവിഡ് മലാൻ (56) എന്നിവരുടെ അർധസെഞ്ചുറികളാണ് ഇംഗ്ലണ്ടിനു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചൽ സ്റ്റാർക്കും കുമിൻസും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒടുവിൽ വിവരം ലഭിക്കുന്പോൾ 35/2 എന്ന നിലയിലാണ്. കാമറൂണ്‍ ബാൻക്രോഫ്റ്റ്(5), ഉസ്മാൻ ഖവാജ(11) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടപ്പെട്ടത്. വിക്കറ്റുകൾ സ്റ്റ്യുവർട്ട് ബ്രോഡും മോയിൻ അലിയും പങ്കിട്ടു. ഡേവിഡ് വാർണർ(14), നായകൻ സ്റ്റീവ് സ്മിത്ത്(5) എന്നിവരാണു ക്രീസിൽ.
ആദ്യദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 196 റണ്‍സ് എന്ന നിലയിലാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്. 80.3 ഓവർ മത്സരം നടന്ന ആദ്യ ദിനത്തിൽ ഇംഗ്ലണ്ട് പ്രതിരോധത്തിലൂന്നിയാണു കളിച്ചത്. സ്കോർ ബോർഡ് രണ്ടിൽ എത്തിയപ്പോൾ തന്നെ ഓപ്പണർ അലിസ്റ്റർ കുക്ക് (2) വീണു.
ഈ തകർച്ച രണ്ടാം വിക്കറ്റിൽ വിൻസ്-സ്റ്റോണ്‍മാൻ സഖ്യം മികച്ച ബാറ്റിംഗ് കാഴ്ചവച്ചു മറികടന്നു. ജയിംസ് വിൻസ് (83), മാർക്ക് സ്റ്റോണ്‍മാൻ (53) രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 125 റണ്‍സ് പിറന്നു. സ്റ്റോണ്‍മാനെ പാറ്റ് കമ്മിൻസ് ബൗൾഡാക്കി. സ്കോർ 145ൽ വിൻസിനെ നഥാൻ ലിയോണ്‍ റണ്ണൗട്ടാക്കുകയും ചെയ്തു. 18 റണ്‍സിന്റെ ഇടവേളയിലാണ്് ഇരുവരും പുറത്തായത്. പിന്നാലെ ക്യാപ്റ്റൻ ജോ റൂട്ടിനെയും (15) കമ്മിൻസ് മടക്കി.