പെര്‍ത്ത്: ആഷസ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം മഴ രക്ഷകനായെത്തുമെന്ന് പ്രതീക്ഷിച്ച ഇംഗ്ലണ്ടിന് തോല്‍വി. അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍ മഴ ഓസ്ട്രേലിയയെ ശല്യം ചെയ്തെങ്കിലും മഴയ്ക്കുശേഷം ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് വിജയം പിടിച്ചെടുത്തു. ഇന്നിംഗ്സിനും 41 റണ്‍സിനുമാണ് ഓസീസിന്റെ ആധികാരിക വിജയം. ഒന്നാം ഇന്നിംഗ്സില്‍ 259 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്് 218 റണ്‍സിന് എല്ലാവരും പുറത്തായി.
സ്കോര്‍; ഇംഗ്ലണ്ട് – 403, 218. ഓസ്ട്രേലിയ – 662/9 ഡിക്ലയേഡ്. രണ്ടു ടെസ്റ്റുകള്‍ ബാക്കിനില്‍ക്കെ ബ്രിസ്ബെയ്ന്‍, അഡ്ലെയ്ഡ് ടെസ്റ്റുകള്‍ ജയിച്ച ആതിഥേയര്‍ ഇതോടെ 3-0 ത്തിന് ആഷസ് പരമ്പര തിരിച്ചുപിടിച്ചു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസര്‍ ജോഷ് ഹെയ്സല്‍വുഡാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
രണ്ട് ഇന്നിംഗ്സിലുമായി ഹെയ്സല്‍വുഡ് എട്ടു വിക്കറ്റ് വീഴ്ത്തി. പെര്‍ത്തിലെ പ്രസിദ്ധമായ വാക്കയിലെ അവസാന ടെസ്റ്റ് മത്സരമായിരുന്നു. ഇരട്ട സെഞ്ചുറി നേടിയ ഓസീസ് നായകന് സ്റ്റീവ് സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്.
ക്രിസ് വോക്സിനെ (22) വിക്കറ്റ് കീപ്പര്‍ ടിം പെയ്ന്റെ കൈകളിലെത്തിച്ച് പാറ്റ് കമ്മിന്‍സാണ് കംഗാരുപടയ്ക്കു ജയം നല്‍കിയത്. നാലാം ദിവസം നാലിനു 132 റണ്‍സ് എന്നനിലയില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ടിന് ഓസ്ട്രേലിയയെ ബാറ്റിംഗിന് വീണ്ടും ഇറക്കണമെങ്കില്‍ 127 റണ്‍സ് കൂടി വേണമായിരുന്നു.
മഴമൂലം അഞ്ചാം ദിനം അല്പം വൈകി ആരംഭിച്ച മത്സരത്തില്‍ ഇംഗ്ലണ്ടിന് സമനില പിടിക്കണമെങ്കില്‍ വാലറ്റം അപ്രതീക്ഷിത പ്രകടനം പുറത്തെടുക്കണമായിരുന്നു. മഴ നശിപ്പിച്ച പിച്ചില്‍ അവസാന ദിനം ഒരു പന്തെങ്കിലുമെറിയാനാകുമോ എന്നു സംശയമായിരുന്നു. മഴയ്ക്കുശേഷം വാക്കയിലെ ഗ്രൗണ്ട് സ്റ്റാഫുകളുടെ പരിശ്രമംമൂലം പിച്ച് നന്നായി ഉണക്കി. ഇതോടെ മത്സരം ആരംഭിക്കാമെന്ന അവസ്ഥയായി.
ഉച്ചഭക്ഷണത്തിനുശേഷം അമ്പയര്‍മാര്‍ പിച്ചില്നടത്തിയ പരിശോധനയില്‍ മത്സരം ആരംഭിക്കാമെന്ന് അറിയിച്ചു. ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര് പേടിയോടെ കളത്തിലെത്തി. ഈ പേടി അവരുടെ ബാറ്റിംഗിലും ബാധിച്ചു.
തലേ ദിവസത്തെ സ്കോറിനോട് ഒരു റണ്‍സ് പോലും ചേര്‍ക്കാതെ ജോണി ബെയര്‍സ്റ്റോ (14) നേരിട്ട ആദ്യ പന്തില്‍ ഹെയ്സല്‍വുഡ് മടക്കി. പിന്നീട് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി വീരന് ഡേവിഡ് മലനിലായി. അര്‍ധ സെഞ്ചുറി കടന്ന മലനെ (54) ഹെയ്സല്‍വുഡ് പെയ്ന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയവര്‍ ചെറിയ ചെറുത്തുനില്പ്പുകള്ക്കുപോലും തയാറാകതിരുന്നതോടെ ഓസീസ്് അര്‍ഹിച്ച വിജയം സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്സില്‍ 48 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് പിഴുതെടുത്ത ഹെയ്സല്‍വുഡാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. പാറ്റ് കമ്മിൻസും നഥാന്‍ ലയോണും രണ്ട് വിക്കറ്റും സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി. ഇംഗ്ലണ്ടിന്റെ അവസാന അഞ്ചു വിക്കറ്റുകള്‍ 18 ഓവറില്‍ 45 റണ്‍സ് എടുക്കുന്നതിനിടെ വീണു.
വാക്ക ഗ്രൗണ്ടില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരേ നേടുന്ന എട്ടാമത്തെ ജയമാണ്. 1991 മുതല്‍ വാക്കയില്‍ ഇംഗ്ലണ്ട് പരാജയപ്പെടുകയാണ്.