മയ്യിൽ: പോലീസിനെ വെട്ടിച്ച് മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി രക്ഷപ്പെട്ട് ഒരു മാസത്തോളമായിട്ടും പിടികൂടാൻ കഴിയാതെ പോലീസ്.
പാവന്നൂർമൊട്ട സ്വദേശി പെരുവളത്തുപറമ്പിലെ മുനിയൻകുന്നേൽ ആഷിഖ് (36) ആണ് കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് രാത്രി രക്ഷപ്പെട്ടത്. കുറ്റ്യാട്ടൂർ കുഞ്ഞുമൊയ്തീൻ പീടികയ്ക്ക് സമീപത്തെ വിപിഎം ക്രഷറിലെത്തി പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയാണ് ആഷിഖ്.
സെപ്റ്റംബർ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഒമ്പതിന് വൈകുന്നേരമാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷനിൽ സെല്ലില്ലാത്തതിനാൽ ആഷിഖിനെ വരാന്തയിലാണ് ഇരുത്തിയിരുന്നത്. രാത്രി 12 ഓടെ ടോയ്ലറ്റിൽ പോകണമെന്ന് പറഞ്ഞ് മുറ്റത്തിറങ്ങിയ ഇയാൾ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇരിക്കൂർ, പാവന്നൂർ മേഖലകളിൽ പുലർച്ചെവരെ പോലീസ് സംഘം ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇരിട്ടി, മട്ടന്നൂർ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
അറസ്റ്റിലായ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും രണ്ടാഴ്ച മുമ്പ് ജില്ലാ പോലീസ് ചീഫ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
അതേ സമയം ആഷിഖ് മൈസൂരുവിലുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവിടുത്തെ എടിഎമ്മിൽ നിന്ന് അടുത്തിടെ പണം പിൻവലിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു.