നെഹ്റു കോളജ് അധികൃതരുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ജിഷ്ണു മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച് ഫേസ്ബുക്കില്‍ ുപോസ്റ്റിട്ടിരുന്നു. അതാണ് എതിരാളികളും അനുകുലിക്കുന്നവരും ഷെയര്‍ ചെയ്യുന്നത്. കോളജ് പഠനകാലത്ത് സജീവ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു ജിഷ്ണു. അമ്മ മഹിജയും സിപിഎം അനുഭാവിയും സജീവ പ്രവര്‍ത്തകയുമാണ്.
കഴിഞ്ഞ വര്‍ഷം പിണറായി വിജയന് ഭരണം ഏറ്റെടുക്കുമ്പോള്‍ ജിഷ്ണു ഫേസ്ബുക്കില്‍ കമന്റ് ചെയ്ത പോസ്റ്റുകളാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.‘പിണറായിയെന്നു കേള്‍ക്കുമ്പോള്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലര്‍ കിടന്നു മോങ്ങും, അഭിമാനം കൊള്ളുന്നു ഇരട്ടച്ചങ്കുള്ള ഈ ജനനേതാവിനെ ഓര്‍ത്ത്, ലാല്‍സലാം’–ഇതാണു നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിനു ശേഷം ജിഷ്ണു ഫേസ്ബുക്കിലിട്ട പോസ്റ്റ്.
ഇതിനിടെ സോഷ്യല്‍മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനുമെതിരേ പ്രതിഷേധം കത്തിപ്പടരുകയാണ്. മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ സര്‍ക്കാരിനെതിരേ ചീത്തവിളി ഉയരുകയാണ്. പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കമന്റുകള്‍ പ്രവഹിക്കുന്നത്. പോലീസ് നടപടിയെ ന്യായീകരിക്കുന്നവരും കുറവല്ല. ഇതേസമയം തന്നെ ഇടതു സഹയാത്രികന് ആഷിഖ് അബുവും സര്‍ക്കാരിനെതിരേ രംഗത്തുവന്നിട്ടുണ്ട്.
അതേസമയം ജിഷ്ണുവിന്റെ അമ്മയെ പോലീസ് ആക്രമിച്ചതില്‍ പ്രതിഷേധം ശക്തമാകുകയാണ്. അമ്മ മടങ്ങിവരും വരെ വീട്ടില്‍ നിരാഹാര സമരമിരിക്കുമെന്ന് ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ വ്യക്തമാക്കി. അമ്മയെ അടിക്കാനുള്ള താല്പര്യം എന്തുകൊണ്ട് പ്രതികളെ പിടിക്കാന്‍ കാണിച്ചില്ല. ഇപ്പോള്‍ കൃഷ്ണദാസിനോടുള്ള വിരോധം പോലീസിനോടുമുണ്ടെന്നും അവിഷ്ണ പറഞ്ഞു. കഴിഞ്ഞ വിഷുവിന് പിണറായി വിജയന്റെ ചിത്രമാണ് ഏട്ടന് ജിഷ്ണു വിഷുക്കണിയായി കാട്ടിത്തന്നത്. പ്രതികളെ പിടിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറാകാത്തത് എന്തു കൊണ്ടാണെന്നും അവിഷ്ണ ചോദിച്ചു.