പെരുമ്പാവൂർ: സംസ്ഥാനത്തെ പ്രമുഖ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഇതരസംസ്ഥാനക്കാരനായ യുവാവിനെ പോലീസ് പിടികൂടി. മഹാരാഷ്ട്ര അമരാവതി ദാമംഗാവ് സ്വദേശി ആശിഷ് രമേശ് ബിസ (32) യെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പ്രമുഖ വ്യവസായികളെയും വ്യാപാരികളെയും ഫോണിൽ വിളിച്ചു ഇൻകം ടാക്സ് അസി. കമ്മീഷണർ ആണെന്നു പറഞ്ഞാണു തട്ടിപ്പ്.
സ്ഥാപനത്തിൽ ടാക്സ് തട്ടിപ്പ് നടന്നിട്ടുണ്ടെന്നും വിവരങ്ങൾ കൈവശമുണ്ടെന്നും ഉടൻ പരിശോധന നടത്തുമെന്നും അത് ഒഴിവാക്കണമെങ്കിൽ ആവശ്യപ്പെടുന്ന പണം നൽകണമെന്നും കടയുടമകളെ അറിയിക്കും. പ്രതി വിചാരിക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിയാൽ സിഡിഎം മെഷീൻ വഴി കാഷ് ഡെപ്പോസിറ് ചെയ്യണമെന്നും അറിയിക്കും. അഡ്വാൻസ് ആയി പണം നൽകിയാൽ രേഖകളുടെ പകർപ്പ് മെയിൽ വഴി അയച്ചുനൽകുമെന്ന് അറിയിക്കും. മുഴുവൻ പണം നൽകിയാൽ എല്ലാ ഒറിജിനൽ രേഖകളും നൽകാമെന്നും പറയും.
പെരുമ്പാവൂരിലെ പ്രമുഖ വ്യവസായിയെ ഇത്തരത്തിൽ കബളിപ്പിച്ചതിനെത്തുടർന്ന് ഇദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. അന്വേഷണത്തിൽ വിവിധ ബാങ്കുകളിലായി നിരവധി അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജമേൽവിലാസത്തിൽ സംഘടിപ്പിക്കുന്ന സിം ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ഇൻകം ടാക്സ് പരിശോധന ഒഴിവാക്കി നൽകാമെന്നു പറഞ്ഞു പലരിൽനിന്നായി ലക്ഷങ്ങളാണ് പ്രതി തട്ടിയത്.
പലരും അപമാനഭയത്തിൽ സംഭവം പുറത്തു പറയാതിരുന്നത് പ്രതിക്ക് ഗുണം ചെയ്തുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണ സംഘം അഞ്ചു ദിവസത്തോളം മഹാരാഷ്ട്രയിൽ താമസിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. നാഗ്പുരിൽ രോഗം അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റായ പ്രതിയെ ബംഗളൂരു വരെ 1,200 കിലോമീറ്റർ ആംബുലൻസിലും തുടർന്ന് വിമാന മാർഗവുമാണ് പെരുമ്പാവൂരിലെത്തിച്ചത്.