സ്വന്തം ലേഖകൻ
തൃശൂർ: എഴുത്തിലെ വേറിട്ട സ്ത്രീസ്വരമായിരുന്നു അഷിതയുടേത്. ലളിതമായ എഴുത്തിലൂടെ ശക്തമായി എങ്ങിനെ കാര്യങ്ങൾ ഹൃദയത്തിൽ തട്ടും വിധം വായനക്കാരിലേക്ക് പകർന്നുനൽകാമെന്ന് അഷിതയുടെ രചനകൾ കാണിച്ചു തരുന്നു. ദുരൂഹതയോ നിഗൂഢതയോ അഷിതയുടെ അക്ഷരങ്ങളിലുണ്ടായിരുന്നില്ല. എന്തായിരുന്നോ അഷിത അതുതന്നെയായിരുന്നു അഷിത എഴുതിയതും.
ഇതിനേക്കാൾ ഉയരത്തിലും പ്രശസ്തിയിലും എത്തേണ്ട എഴുത്തുകാരിയായിരുന്നു അഷിത. എന്നാൽ സ്വയം ഒതുങ്ങിക്കൂടുന്ന അഷിതയെയാണ് പലപ്പോഴും കാണാറുള്ളത്. അടുത്തിടെയായി ചില ഓണ്ലൈൻ സംരംഭങ്ങളിൽ അഷിത എഴുതിയ പ്രതിവാര കോളം ഏറെ വായനക്കാരെ ആകർഷിച്ചു. ആത്മകഥാംശമുള്ള ആ കോളത്തിൽ പോയകാലത്തെ തന്റെ അനുഭവങ്ങളേയും പുതിയകാലത്തേയും അഷിത മനോഹരമായി കൂട്ടിയിണക്കുന്നത് വായിച്ചെടുക്കാമായിരുന്നു.
അഷിത ജനിച്ച പഴയന്നൂരും വളർന്ന മറ്റു ചുറ്റുപാടുകളുമെല്ലാം കഥകളിൽ കാണാമായിരുന്നു. മാധവിക്കുട്ടി എങ്ങിനെയാണോ പുന്നയൂർക്കുളത്തേയും നീർമാതളത്തേയും ലോകപ്രശസ്തിയിലെത്തിച്ചത് അതുപോലെയാണ് അഷിത തന്റെ ജന്മനാടിനെ പറ്റി എഴുതിയത്. പഴയന്നൂർകാർക്ക് അഷിതയെന്ന പെണ്കുട്ടി എഴുത്തിന്റെ പുതിയ മേഖലകളിലേക്ക് വിഹരിക്കുന്നത് അത്ഭുതവും അഭിമാനവുമായിരുന്നു.
ശക്തവും സുന്ദരവുമായ കഥകളുടെ ലോകത്ത് വിരാജിക്കുന്പോൾ തന്നെ അഷിത കുട്ടികൾക്കുവേണ്ടി എഴുതി. ഒരമ്മ കഥ പറഞ്ഞുകൊടുക്കും പോലെ വാത്സല്യത്തിന്റെ മഷിപുരണ്ട നന്മയുടെ ഗന്ധമുള്ള കഥകളായിരുന്നു അവ. ബാലസാഹിത്യം ഭാവന നിറഞ്ഞതാകണമെന്ന് പറയാറുണ്ടെങ്കിലും അഷിതയുടെ ബാലസാഹിത്യരചനകളിൽ ഭാവനയേക്കാൾ കൂടൂതൽ റിയാലിറ്റി തന്നെയായിരുന്നു.
ലോകസാഹിത്യത്തിലെ അധികമാരും കൈവെക്കാത്ത കൃതികളെ മലയാളത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യം ഏറ്റെടുത്ത അഷിതയെയാണ് പിന്നെ കാണുന്നത്. കേരളത്തിൽ നിന്ന് മാറി ഡൽഹിയിലും മുംബൈയിലുമൊക്കെ വിദ്യാഭ്യാസം സായത്തമാക്കിയ അഷിതയ്ക്ക് മലയാളത്തിലെന്ന പോലെ ഇംഗ്ലീഷിലും ഇതര ഭാഷകളിലും ജ്ഞാനം അപാരമായിരുന്നു. മൂലകൃതിയുടെ ശക്തിയും ഓജസും ചോർന്നുപോകാതെ മലയാളത്തിനു പകർന്നു നൽകാൻ അഷിതയ്ക്ക് സാധിച്ചു.
റഷ്യൻ കവിതകൾ പദവിന്യാസങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്. അലക്സാണ്ടർ പുഷ്കിന്റെ കവിതകൾ മലയാളത്തിലേക്കു മൊഴിമാറ്റിയത് അഷിതയാണ്.അഷിതയാണ് ഹൈക്കു കവിതകൾ മലയാളത്തിൽ പരിചിതയാക്കിയത്. മലയാളത്തിലെ ആധുനികാനന്തര തലമുറയിലെ സ്ത്രീ കഥാകൃത്ത് എന്നെല്ലാം പലരും അഷിതയെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഒരു ചട്ടക്കൂടിലും തളച്ചിടാൻ കഴിയാത്ത എഴുത്തുകാരിയായിരുന്നു അഷിത.
സ്ത്രീയുടെ ജീവിതത്തിന് കാലഭേദങ്ങളോ ചട്ടക്കൂടുകളോ സാഹിത്യകാല വിഭജനമോ ഇല്ലെന്ന് വിശ്വസിച്ചു അഷിത. അതുകൊണ്ടുതന്നെ സ്ത്രീ ജീവിതത്തിന്റെ പെടാപാടുകളും വിഹ്വലതകളും വ്യാകുലതകളും ബുദ്ധിമുട്ടുമെല്ലാം അഷിതയുടെ എഴുത്തിൽ തെളിഞ്ഞു.
വായിച്ചാൽ മനസിലാകാത്ത എഴുത്തിൽ നിന്ന് മലയാളി വായനക്കാർ അകന്നപ്പോൾ പോലും അഷിതയുടെ എഴുത്തിന് വായനക്കാരുണ്ടായിരുന്നു. എഴുത്തിന്റെ വാതിലുകൾ അഷിതയ്ക്ക് മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടതു തന്നെയായിരുന്നു. എതിർപ്പുകളേയും പ്രതിസന്ധികളേയും തരണംചെയ്ത് പോരാടി തന്നെയാണ് അഷിത എഴുത്തുമായി മുന്നോട്ടുപോയത്.
ആ പോരാട്ടത്തിന്റെ ചൂടും നോവുമെല്ലാം അഷിതയുടെ അക്ഷരങ്ങളിലുണ്ടായിരുന്നു.കാൻസർ രോഗത്തെ കൂടെക്കൂട്ടി ജീവിതത്തിൽ മുന്നോട്ടുപോകുന്പോഴും അതിനെ അതിജീവിക്കാനുള്ള മനോധൈര്യം അഷിതക്കുണ്ടായിരുന്നു.