ചങ്ങനാശേരി: കുരുമുളക് പാനീയം സ്‌പ്രേ ചെയ്തും കത്തികാട്ടി ഭീഷണപ്പെടുത്തിയും അടിപിടിയും കഞ്ചാവ് വില്പനയും നടത്തിവന്ന കേസില്‍ അറസ്റ്റിലായ പനച്ചിക്കാട് വെള്ളുത്തുരുത്തി കുന്നേല്‍ ആഷ്‌ലി സോമന്റെ(മോനിച്ചന്‍-40) ക്രിമിനല്‍ പശ്ചാത്തലം പോലീസ് പരിശോധിക്കുന്നു. എഴുന്നൂറ് ഗ്രാം കഞ്ചാവും കാറും ഇയാളില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാട്ടകത്തുള്ള ലോഡ്ജില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ലോഡ്ജിനടുത്തുനിന്നാണ് സിഫ്റ്റ്കാര്‍ കസ്റ്റഡിയിലെടുത്തത്. റിമാന്‍ഡ് ചെയ്ത ഇയാളെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. നാട്ടുകാര്‍ക്കും ഇയാള്‍ ഭീഷണിയാണെന്നാണ് പോലീസ് പറയുന്നത്. കഞ്ചാവ് കടത്തിലും കുരുമുളക് സ്‌പ്രേ ഓണ്‍ലൈനായി ബുക്ക് ചെയ്ത് വരുത്തുന്നതിലും ഇയാള്‍ക്ക് സഹായകരുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കേസിനെക്കുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെയാണ്: പിടികൂടിയ കാറില്‍ നിന്നും 13ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. ആഷ്‌ലിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മാതാവും സഹോദരിയും താമസിക്കുന്ന കുടമാളൂരിലുള്ള വീട് കേന്ദ്രമാക്കി കഞ്ചാവ് വില്പനയുള്ളതായറിഞ്ഞു. പോലീസ് ആഷ്‌ലിയുമായി ഈ വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ എഴുന്നൂറ് ഗ്രാം കഞ്ചാവ്കൂടി കണ്ടെത്തുകയായിരുന്നു. ചെങ്ങളം സ്വദേശിയായ അജിന്റെ ഉടമസ്ഥതയിലുള്ള കാറാണ് പിടിച്ചെടുത്തത്. ടൂറിന് പോകാനെന്നുപറഞ്ഞാണ് കാര്‍ വാടകയ്‌ക്കെടുത്തതെന്നാണ് അജിന്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആഷ്‌ലിയുടെ കഞ്ചാവ് വില്പനയില്‍ അജിനും പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
കഞ്ചാവ് വില്പന ചോദ്യം ചെയ്തതിന്റെ പേരില്‍ 2011ല്‍ സമീപവാസിയായ കുമാര്‍ എന്നയാളെ കുത്തിക്കൊന്ന കേസുള്‍പ്പെടെ 14 കേസുകള്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ആഷ്‌ലിയുടെ പേരിലുണ്ട്. അടിപിടി സംഭവങ്ങളില്‍ കോട്ടയം ഈസ്റ്റ്, ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ അടുത്തിടെ ആഷ്‌ലിക്കെതിരെ കേസ് എടുത്തിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ജില്ലാ പോലീസ് ചീഫ് രാമചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുടുക്കിയത്.
കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ എക്‌സൈസ് സംഘത്തെ മുളകുപൊടി സ്‌പ്രേ ചെയ്ത് ആക്രമിച്ച കേസും ഇയാളുടെ പേരിലുണ്ട്. കമ്പത്തുനിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിപണനം നടത്തുന്നയാളാണ് ആഷ്‌ലിയെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ഥികളും ചെറുപ്പക്കാരും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ഇയാള്‍ കഞ്ചാവ് വിറ്റിരുന്നതായും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതാണ് ഇയാള്‍ കുരുമുളക് സ്‌പ്രേ വാങ്ങിയിരുന്നതെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്പി വി.അജിത്, സിഐ ബിനു വര്‍ഗീസ്, ചിങ്ങവനം എസ് ഐ എം.എസ് ഷിബു, എസ് ഐമാരായ തോമസ്, വിജയകുമാര്‍, ഷാഡോ സംഘാംഗങ്ങളായ കെ.കെ.റെജി, പ്രതീഷ് രാജ്, ആന്റ ണി, അജിത്, ഷിജുക്കട്ടന്‍, സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.