തലശേരി: മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ സ്വീകരണത്തിനായി ടൗണിൽ അലങ്കാരം നടത്തുന്നതിനിടെ എംഎസ്എഫ് നേതാവ് മരത്തിൽനിന്നു വീണു മരിച്ചു. എംഎസ്എഫ് തലശേരി നിയോജകമണ്ഡലം പ്രസിഡന്റ് ആസിഫ് മട്ടാന്പ്രം (22) ആണ് മരിച്ചത്. ജില്ലാ കോടതി സീ വ്യൂ പാർക്കിനു സമീപത്തെ മരത്തിൽ കൊടി കെട്ടാൻ കയറിയതായിരുന്നു.
മരക്കൊന്പ് പൊട്ടി യുവാവ് നിലത്ത് തലയിടിച്ചു വീണു. ഉടൻ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. രാത്രി മുതൽ മറ്റു പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം കൊടുവള്ളി മുതലുള്ള ഭാഗം അലങ്കരിക്കുകയായിരുന്നു ആസിഫ്. മട്ടാന്പ്രത്തെ പി.പി. ഉസ്മാൻ-റംല ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജീർ, യാസർ, ജാവിദ്, റിസ്വാന.