ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വീട്ടമ്മ ആസിയ ബീബി(ആസിയ നൊരീൻ) ജയിലിൽ തുടരുന്നു. വധഭീഷണിയുള്ളതിനാൽ ആസിയായെ എപ്പോൾ പുറത്തുവിടുമെന്ന് പറയാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജയിലില് നിന്ന് പുറത്തിറങ്ങിയാൽ ഉടൻ ആസിയായും കുടുംബവും പാക്കിസ്ഥാൻ വിടും.
കാനഡ അടക്കം നിരവധി രാജ്യങ്ങൾ ആസിയായ്ക്ക് അഭയം നൽകാമെന്ന് വാഗ്ദാനം നൽകിയിയിട്ടുണ്ട്. അതേസമയം സുപ്രീംകോടതി വിധിക്ക് എതിരേ നടത്തുന്ന രാഷ്ട്രീയ ലക്ഷ്യം വച്ച് ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കാൻ ആരെങ്കിലും തുനിഞ്ഞാൽ രാഷ്ട്രത്തിന്റെ എല്ലാ ശക്തിയുമുപയോഗിച്ച് നേരിടുമെന്നുള്ള പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ താക്കിതിനെത്തുടർന്ന് പ്രതിഷേധങ്ങൾ തണുത്തിട്ടുണ്ട്.
കറാച്ചി, ലാഹോർ, പെഷവാർ, മുൾട്ടാൻ തുടങ്ങിയ നഗരങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധം സംഘർഷമായി മാറിയിരുന്നു. വിധി പ്രസ്താവിച്ച ജഡ്ജിമാരെ വധിക്കാൻ പാർട്ടി നേതാവ് അഫ്സൽ ഖ്വാദ്രി ആഹ്വാനം ചെയ്തിരുന്നു.
അയൽക്കാരുമായുള്ള വഴക്കിനിടെ മതനിന്ദ ചൊരിഞ്ഞുവെന്ന ആരോപണത്തിൽ ആസിയ അറസ്റ്റിലാകുന്നത് 2009 ജൂണിലാണ്. 2010ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. 2014ൽ ലാഹോർ ഹൈക്കോടതി ഇതു ശരിവച്ചു. വധശിക്ഷയ്ക്കെതിരേ ആസിയ നല്കിയ അന്തിമ അപ്പീലിലാണ് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയത്.
ലാഹോറിലെ ഷെയ്ഖ്പുര ജയിലിൽ എട്ടു വർഷമായി മരണം കാത്തുകിടന്ന ആസിയയെ ഉടൻ സ്വതന്ത്രയാക്കാൻ ചീഫ് ജസ്റ്റീസ് സാഖിബ് നിസാർ അടങ്ങുന്ന മൂന്നംഗ ബെഞ്ച് നിർദേശിച്ചു. പാക്കിസ്ഥാനിൽ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ ജനസംഖ്യയുടെ രണ്ടു ശതമാനത്തിൽ താഴെയാണ്
.
ആദ്യ സ്ത്രീ
മതനിന്ദയുടെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന ആദ്യ സ്ത്രീയായിരുന്നു ഭർത്താവും നാലു കുട്ടികളുമുള്ള ആസിയ. അയൽക്കാർക്കൊപ്പം വിളവെടുക്കവേ, അന്യജാതിക്കാരിയായ ആസിയയുടെ കൈതൊട്ട് അശുദ്ധമായ വെള്ളം തങ്ങൾ കുടിക്കില്ലെന്ന് മറ്റു സ്ത്രീകൾ പറഞ്ഞു. തുടർന്നുള്ള വഴക്കിനിടെ ആസിയ മരണശിക്ഷ ലഭിക്കാവുന്ന മതനിന്ദ നടത്തിയെന്ന് ആരോപിക്കപ്പെട്ടു. പ്രദേശവാസികളുടെ മർദനത്തിൽ ആസിയ കുറ്റം സമ്മതിച്ചുവെന്ന് പറയപ്പെടുന്നു. പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.