ഇസ്ലാമാബാദ്: മതത്തെ നിന്ദിച്ചുവെന്ന കുറ്റത്തിന് മരണശിക്ഷ വിധിക്കപ്പെട്ട ക്രൈസ്തവ വീട്ടമ്മ ആസിയ ബീബി(ആസിയ നൊരീൻ)യെ പാക്കിസ്ഥാൻ സുപ്രീംകോടതി കുറ്റവിമുക്തയാക്കി. ലാഹോറിലെ ഷെയ്ഖ്പുര ജയിലിൽ എട്ടു വർഷമായി മരണം കാത്തുകിടന്ന ആസിയയെ ഉടൻ സ്വതന്ത്രയാക്കാൻ ചീഫ് ജസ്റ്റീസ് സാഖിബ് നിസാർ അടങ്ങുന്ന മൂന്നംഗ ബെഞ്ച് നിർദേശിച്ചു. വിധിയോടുള്ള ആസിയയുടെ പ്രതികരണം അവിശ്വസനീയം എന്നായിരുന്നു. അതേസമയം, വിധിക്കെതിരേ തീവ്രനിലപാടുകാർ നഗരങ്ങളിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
അയൽക്കാരുമായുള്ള വഴക്കിനിടെ മതനിന്ദ ചൊരിഞ്ഞുവെന്ന ആരോപണത്തിൽ ആസിയ അറസ്റ്റിലാകുന്നത് 2009 ജൂണിലാണ്. 2010ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. 2014ൽ ലാഹോർ ഹൈക്കോടതി ഇതു ശരിവച്ചു. വധശിക്ഷയ്ക്കെതിരേ ആസിയ നല്കിയ അന്തിമ അപ്പീലിലാണ് ഇന്നലത്തെ വിധി.
കേസ് തുടങ്ങുന്നത്
മതനിന്ദയുടെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന ആദ്യ സ്ത്രീയായിരുന്നു ഭർത്താവും നാലു കുട്ടികളുമുള്ള ആസിയ. അയൽക്കാർക്കൊപ്പം വിളവെടുക്കവേ, അന്യജാതിക്കാരിയായ ആസിയയുടെ കൈതൊട്ട് അശുദ്ധമായ വെള്ളം തങ്ങൾ കുടിക്കില്ലെന്ന് മറ്റു സ്ത്രീകൾ പറഞ്ഞു.
തുടർന്നുള്ള വഴക്കിനിടെ ആസിയ മരണശിക്ഷ ലഭിക്കാവുന്ന മതനിന്ദ നടത്തിയെന്ന് ആരോപിക്കപ്പെട്ടു. പ്രദേശവാസികളുടെ മർദനത്തിൽ ആസിയ കുറ്റം സമ്മതിച്ചുവെന്ന് പറയപ്പെടുന്നു. പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
സുപ്രീംകോടതി പറഞ്ഞത്
സംശയാതീതമായി കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കേസന്വേഷണത്തിൽ ശരിയായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ല. ജനങ്ങളുടെ മുന്നിൽവച്ച് ആസിയ കുറ്റം സമ്മതിച്ചത് കൊല്ലുമെന്ന ഭീഷണിയെത്തുടർന്നാണ്.
മറ്റു കേസുകളൊന്നുമില്ലെങ്കിൽ ആസിയയെ ഉടൻ മോചിപ്പിക്കണം. അമുസ്ലിംകളോടുള്ള സമീപനം ദയാപരമായിരിക്കണമെന്ന് ഹദീത്തുകളിൽ പറഞ്ഞിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി.
വിശ്വാസം വരാതെ ആസിയ
വിധി കേൾക്കാൻ ആസിയ കോടതിയിൽ എത്തിയില്ല. “ഈ കേൾക്കുന്നതു സത്യമാണോ, എനിക്ക് പുറത്തിറങ്ങാൻ പറ്റുമോ, അവർ എന്നെ പുറത്തുവിടുമോ” എന്ന് ആസിയ ജയിലിൽവച്ചു പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
പ്രതിഷേധം
മതനിന്ദാനിയമം സംരക്ഷിക്കാൻ വേണ്ടി രൂപീകൃതമായ തെഹ്രിക് ഇ ലെബെയ്ക്(ടിഎൽപി) പാർട്ടി സുപ്രീംകോടതി വിധിക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. കറാച്ചി, ലാഹോർ, പെഷവാർ, മുൾട്ടാൻ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധം സംഘർഷമായി മാറി. പോലീസിനുനേർക്ക് കല്ലേറുണ്ടായി. വിധി പ്രസ്താവിച്ച ജഡ്ജിമാരെ വധിക്കാൻ പാർട്ടി നേതാവ് അഫ്സൽ ഖ്വാദ്രി ആഹ്വാനം ചെയ്തു.
വിധിപ്രസ്താവത്തിനു മുന്പേ സുപ്രീംകോടതി കനത്ത സുരക്ഷയിലായിരുന്നു. മുന്നൂറോളം പോലീസുകാർക്കു പുറമേ അർധസൈനികവിഭാഗത്തെയും വിന്യസിച്ചു. വിധി കേൾക്കാൻ ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. പലരും വധശിക്ഷ ശരിവയ്ക്കണമെന്നാണ് ആഗ്രഹിച്ചത്.
പാക്കിസ്ഥാനിൽ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ ജനസംഖ്യയുടെ രണ്ടു ശതമാനത്തിൽ താഴെയാണ്. ആസിയ യും കുടുംബവും പാക്കിസ്ഥാൻ വിട്ടേ ക്കുമെന്ന സൂചനകളുണ്ട്.
സൽമാൻ തസീറിന്റെ കൊലപാതകം
ആസിയ സംഭവം ലോകത്തിന്റെ ശ്രദ്ധയിൽപതിയുന്നത് മുൻ പഞ്ചാബ് പ്രവിശ്യാ ഗവർണർ സൽമാൻ തസീർ വെടിയേറ്റു മരിച്ചതോടെയാണ്.
ആസിയയ്ക്ക് അനുകൂലമായി സംസാരിച്ച ഇദ്ദേഹം മതനിന്ദാനിയമത്തിൽ കാലാനുസൃത മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ സുരക്ഷാസേനയിൽ അംഗമായിരുന്ന പോലീസ് കമാൻഡോ മുംതാസ് ഖ്വാദ്രി ഇതിൽ പ്രകോപിതനായി ഗവർണറെ വെടിവച്ചു കൊല്ലുകയായിരുന്നു.
കേന്ദ്ര ന്യൂനപക്ഷ മന്ത്രിയായിരുന്ന ഷഹ്ബാസ് ഭട്ടിയും ആസിയയുടെ മോചനത്തിനായി ശബ്ദമുയർത്തിയതിന്റെ പേരിൽ വധിക്കപ്പെട്ടു.
വധശിക്ഷയ്ക്കു വിധേയനാക്കപ്പെട്ട മുംതാസ് ഖ്വാദ്രിക്കു വീരപരിവേഷമാണു ലഭിച്ചത്. ഇസ്ലാമാബാദിൽ ഖ്വാദ്രിക്ക് ആരാധനാലയമുണ്ട്. ആസിയയെ മോചിപ്പിച്ച സുപ്രീംകോടതി വിധിക്കെതിരേ പ്രതിഷേധിക്കുന്ന തെഹ്രിക് ഇ ലെബെയ്ക്ക് പാർട്ടി രൂപീകരിച്ചത് ഖ്വാദ്രിയുടെ ആരാധകരാണ്.
അതേസമയം, തസീർ വധത്തോടെ പാക്കിസ്ഥാനിലെ മതനിന്ദാ നിയമത്തിനെതിരേ ആഗോളതലത്തിൽ പ്രതിഷേധം ശക്തമായി. ആസിയയെ മോചിപ്പിക്കാനും വലിയ സമ്മർദം ഉയർന്നു. ആസിയയുടെ ഭർത്താവ് ആഷിഖ് മാസിഹും മകളും വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിരുന്നു.
അക്രമത്തിനു തുനിഞ്ഞാൽ നേരിടും: ഇമ്രാൻ
ആസിയാബീബി കേസിലെ സുപ്രീംകോടതി വിധിക്ക് എതിരേ നടത്തുന്ന പ്രക്ഷോഭം പിൻവലിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യം വച്ച് ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കാൻ ആരെങ്കിലും തുനിഞ്ഞാൽ രാഷ്ട്രത്തിന്റെ എല്ലാ ശക്തിയുമുപയോഗിച്ച് നേരിടുമെന്നും ഖാൻ താക്കീതു നൽകി. ആസിയായെ മതനിന്ദാക്കേസിൽ കുറ്റവിമുക്തയാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു ടിവിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സൈനികമേധാവിക്കെതിരേ കലാപം നടത്താനും സർക്കാരിനെതിരേ രംഗത്തുവരാനും വരെ ചിലർ ആഹ്വാനം ചെയ്യുകയാണ്. വോട്ടിനുവേണ്ടി രാജ്യത്തിന് ഉപദ്രവം വരുത്തരുതെന്ന് ഖാൻ പറഞ്ഞു.